Connect with us

Palakkad

മദ്യ വിപത്തിനെതിരെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്

Published

|

Last Updated

പാലക്കാട്: മദ്യവിപത്തിന്റെ വേരറുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എക്‌സൈസ് മന്ത്രി കെ—ബാബു. അട്ടപ്പാടിയില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാനമുണ്ടാക്കുക എന്നതിലുപരി മദ്യത്തിനെതിരെ ബോധവത്കരണം നടത്താനാണ് എക്‌സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഖജനാവ് നിറ ക്കാന്‍ വലിയ വരുമാനമുണ്ടാക്കുന്നത് പ്രധാനലക്ഷ്യമായി എക്‌സൈസ് വകുപ്പ് കരുതുന്നില്ല. ഇതിന്റെ ഭാഗമായാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ മദ്യ ഉപഭോഗം ഇത് മൂലം കുറഞ്ഞിട്ടുണ്ട്. താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത് സാധിച്ചത്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറക്കുകയെന്നതാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം. ഇതിനായി പുതിയ വിദേശമദ്യ ഷാപ്പുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാറാണിത്. സ്‌കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും കോളജുകളില്‍ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുക. സ്‌കൂളുകളിലാരംഭിച്ച ലഹരി വിരുദ്ധ ക്ലബുകള്‍ കോളജ് തലത്തിലേക്കും വ്യാപിപ്പിക്കും. മൂന്നര കോടി രൂപയാണ് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ചിരിക്കുന്നത്. ലഹരിവിമുക്ത കേന്ദ്രങ്ങള്‍ക്ക് സഹായം നല്‍കാനാണ് ഈ തുക ഉപയോഗിക്കുക.

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുളള സമിതിയാണ് ഇത്തരം സഹായം നല്‍കേണ്ട ലഹരി വിമുക്ത കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുക. മദ്യം പരിശോധിക്കുന്നതിന് സംസ്ഥാനത്ത് ഒരു മൊബൈല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. രണ്ട് ലാബുകള്‍ കൂടി ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും കാര്യക്ഷമമാക്കും. പുതിയ വാഹനങ്ങള്‍, മോട്ടോര്‍ ബൈക്കുകള്‍, മൊബൈല്‍ ഫോണുകള്‍, വയര്‍ലെസ് എന്നിവ എക്‌സൈസ് സേനക്ക് നല്‍കും.

അഗളിയില്‍ ഗ്രാമപഞ്ചായത്ത് നല്‍കുമെന്ന് പറഞ്ഞ 25 സെന്റ് സ്ഥലത്ത് എക്‌സൈസ് വകുപ്പിന് സ്വന്തം കെട്ടിടം നിര്‍മിക്കും. അട്ടപ്പാടിയില്‍ നീര ചെത്താന്‍ അനുമതി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കള്ളചെത്തില്ലാത്ത സ്ഥലങ്ങളില്‍ 1500 തെങ്ങുകളുള്ള ഓരോ യൂനിറ്റ് വീതം 14 ജില്ലകളിലും പൈലറ്റ് പ്രൊജക്ടായി നീര ചെത്ത് ആരംഭിക്കും. അട്ടപ്പാടിയിലെ മദ്യവിരുദ്ധ പോരാട്ടത്തിന്റെ പ്രധാന ഘട്ടമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി ഐ യുടെ നേതൃത്വത്തിലുളള 15 അംഗ എക്‌സൈസ് സംഘമാണ് ജനമൈത്രി സ്‌ക്വാഡിലുണ്ടാകുക.—ഇവര്‍ക്കായി പ്രത്യേകം വാഹനവും അനുവദിച്ചിട്ടുണ്ട്.—
ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, അട്ടപ്പാടി സ്‌പെഷ്യല്‍ പാക്കേജ് കോ-ഓര്‍ഡിനേറ്റര്‍ എസ് സുബ്ബയ്യ, അഹാഡ്‌സ് നോഡല്‍ ഓഫീസര്‍ എന്‍ സി ഇന്ദുചൂഡന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രഭുദാസ്, ജില്ലാ പഞ്ചായത്തംഗം ഈശ്വരിരേശന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ജെ ആന്റണി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ്, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മുരുകന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ് അല്ലന്‍, എക്‌സൈസ് കമ്മീഷണര്‍ എക്‌സ് അനില്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ കെ ശ്രീകുമാരന്‍ ചെട്ടിയാര്‍ പങ്കെടുത്തു.