Connect with us

Kozhikode

സോഷ്യലിസ്റ്റ് ജനത വിമത വിഭാഗത്തിന് കമ്മിറ്റിയായി

Published

|

Last Updated

കോഴിക്കോട്: കെ കൃഷ്ണന്‍കുട്ടിയുടെയും എം കെ പ്രേംനാഥിന്റെയും നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനത വിമത വിഭാഗം പുതിയ സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാന പ്രസിഡന്റായി മുന്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടിയെ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് മറ്റ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്.
എം കെ പ്രേംനാഥാണ് സെക്രട്ടറി ജനറല്‍. വൈസ് പ്രസിഡന്റുമാരായി കുട്ടിക്കട അശ്‌റഫ് (കൊല്ലം), ഇ പി ദാമോദരന്‍ (കോഴിക്കോട്), സെക്രട്ടറിമാരായി ടി പി ജോസഫ് (ഇടുക്കി), അഡ്വ. എം സൈഫുദ്ദീന്‍ (തിരുവനന്തപുരം), ജോസ് കാഞ്ഞിരമുട്ടില്‍ (പത്തനംതിട്ട), എസ് മനോഹരന്‍ (തിരുവനന്തപുരം), ട്രഷററായി കെ മോഹന്‍ലാല്‍ (കൊല്ലം) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായും വിമത പ്രവര്‍ത്തനം നടത്തിയതായും ആരോപിച്ച് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയില്‍ നിന്ന് നേരത്തെ കൃഷ്ണന്‍കുട്ടിയെയും പ്രേംനാഥിനേയും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഇവരും വീരേന്ദ്രകുമാറിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിക്കും മറ്റ് യു ഡി എഫ് മന്ത്രിമാര്‍ക്കുമെതിരെ എല്‍ ഡി എഫ് നടത്തുന്ന സമരങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പ്രേംനാഥ് പറഞ്ഞു. ഇടത് മുന്നണി പ്രവേശമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ജനതാദളി (എസ്) ല്‍ ലയിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ ജില്ലാ കണ്‍വെന്‍ഷനുകളില്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട് അടക്കമുള്ള ചില ജില്ലാ കണ്‍വെന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ രണ്ട് ദിവസത്തിനകം നടക്കുമെന്നും പ്രേംനാഥ് സിറാജിനോട് പറഞ്ഞു.