ഈജിപ്തില്‍ അടിയന്തരാവസ്ഥാ കാലാവധി നീട്ടി

Posted on: September 14, 2013 5:00 am | Last updated: September 13, 2013 at 11:38 pm

കൈറോ: ബ്രദര്‍ഹുഡ് നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിക്കാത്ത സാഹചര്യത്തില്‍ ഈജിപ്തില്‍ പ്രഖ്യാപിച്ച അടിയന്തരവാസ്ഥ രണ്ട് മാസത്തേക്ക് കൂടി നീട്ടാന്‍ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ സുരക്ഷാ സംവിധാനം പുനഃസ്ഥാപിക്കാന്‍ രണ്ട് മാസം കൂടി അടിയന്തരവാസ്ഥ നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അക്രമികള്‍ക്കതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ വ്യക്തമാക്കി. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അധികാരം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡ് നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യപിച്ചത്. പ്രക്ഷോഭകരെ പോലീസും സൈന്യവും ചേര്‍ന്ന് ശക്തമായി നേരിട്ടെങ്കിലും പ്രക്ഷോഭം വ്യാപിക്കുന്നത് തടയാന്‍ ഇവര്‍ക്ക് സാധിച്ചില്ല.
നിരവധി കുറ്റങ്ങളില്‍ ആരോപിതനായി സൈന്യത്തിന്റെ നിയന്ത്രണത്തിലെ ജയിലില്‍ കഴിയുന്ന മുര്‍സിക്കെതിരായ നടപടി ശക്തമാക്കി റിമാന്‍ഡ് കാലാവധി 30 ദിവസത്തേക്ക് നീട്ടുകയും ചെയ്തതും ബ്രദര്‍ഹുഡ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.