ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യരുത്: യു എസ് സെനറ്റര്‍

Posted on: September 14, 2013 5:32 am | Last updated: September 13, 2013 at 11:32 pm

വാഷിംഗ്ടണ്‍: ഇറാനില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തലാക്കണമെന്ന് യു എസ് സെനറ്റര്‍. ഇറാനെതിരായ ഉപരോധത്തിന് ഇന്ത്യ ഇളവനുവദിക്കുന്നതില്‍ ഒബാമ ഭരണകൂടത്തിന് എതിര്‍പ്പാണുള്ളതെന്നും സെനറ്റര്‍ ജിം റിസ്ച് പറഞ്ഞു.
ഇറാനില്‍നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തന്റെ കാഴ്ചപ്പാടില്‍ ലോകത്തിലെ മുഴുവന്‍ സമൂഹത്തിനും ഭീഷണിയാണെന്നതോടൊപ്പം അത് മധ്യ പൗരസ്ത്യ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും വിദേശകാര്യ കമ്മിറ്റി അംഗംകൂടിയായ റിസ്ച് പറഞ്ഞു. നിഷ ദേശായി ബിസ്‌വാളിനെ ദക്ഷിണ മധ്യ ഏഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് തന്റെ ആശങ്ക അറിയിക്കുവാനും കമ്മറ്റിയിലെ കുറച്ച് പേര്‍ക്കെങ്കിലും ഇതില്‍ നിരാശയുണ്ടെന്ന് ബോധ്യപ്പെടുത്താനും റിസിച് ബിസ്‌വാളിനോട് ആവശ്യപ്പെട്ടു. ഇറാനില്‍നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചോ ആറോ സ്ഥാനത്താണെന്ന് ബിസ്വാള്‍ പറഞ്ഞു. എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ച കാര്യം തനിക്കറിയാമെങ്കിലും ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യക്കുള്ള സന്ദേശമെന്ന് റിസ്ച് പറഞ്ഞു.