കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല

Posted on: September 14, 2013 5:14 am | Last updated: September 13, 2013 at 11:15 pm

മലപ്പുറം: വിവിധ കേസുകളില്‍ പിടിച്ചെടുത്ത് തീര്‍പ്പാകാതെ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ കാര്യത്തില്‍ നടപടികള്‍ നിര്‍ദേശിച്ച് ഡി ജി പിയുടെ പുതിയ സര്‍ക്കുലര്‍. ഇത്തരം വാഹനങ്ങള്‍ സ്റ്റേഷനുകളിലെ സ്ഥലസൗകര്യം ഇല്ലാതാക്കുകയും സ്റ്റേഷന് മുന്നിലെ റോഡുകളില്‍ അപകടമുണ്ടാകാന്‍ ഇടയാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. ഈ ഉത്തരവ് പ്രകാരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ അത്യാവശ്യഘട്ടത്തിലൊഴികെ കോടതിയില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. പകരം, മഹസറിനോടൊപ്പം ഫോട്ടോ എടുത്ത് കോടതിയില്‍ ഹാജരാക്കുകയും വാഹനം നിയമപരമായ കൈവശക്കാരന് നല്‍കി കൈച്ചീട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്താല്‍ മതി. അല്ലാത്ത സാഹചര്യത്തില്‍ വാഹനം കോടതിയില്‍ ഹാജരാക്കുകയാണെങ്കില്‍ ആവശ്യം കഴിഞ്ഞ് ഉടമക്ക് വിട്ടകൊടുക്കുന്നതിന് ക്രിമിനല്‍ നടപടിക്രമം 457 വകുപ്പ് പ്രകാരം നടപടി എടുക്കുന്നതിന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കണം.

അബ്കാരി കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതില്ല. പകരം ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടല്‍ നടപടിക്കായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ മുമ്പാകെ വാഹനം ഹാജരാക്കണം. അനധികൃത മണല്‍ വാരലുമായി ബന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങള്‍ ഹൈക്കോടതി വിധി പ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നടപടികള്‍ക്കായി ഹാജരാക്കിയാല്‍ മതി. 1995ലെ ആവശ്യ സാധന നിയമ പ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തീര്‍പ്പാക്കുന്നതിന് അധികാരപ്പെട്ട ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് സെക്ഷന്‍ ആറ് പ്രകാരം റിപ്പോര്‍ട്ട് നല്‍കണം. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നതും പെറ്റി കേസുമായി പിടിച്ചെടുക്കുന്നതുമായ വാഹനങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കി തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം.
കൂടാതെ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിന് അധികാരം നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ അതിനായി പോലീസ് ആക്ട് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം മാറണമെന്ന് ഡി ജി പിയുടെ ഉത്തരവില്‍ പ്രത്യേകം പറയുന്നു. മാത്രമല്ല തീര്‍പ്പാക്കല്‍ നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും ഓരോ മാസത്തെയും പുരോഗതി റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ പോലീസ് മേധാവിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.