Connect with us

Gulf

ഷാര്‍ജയില്‍ കവര്‍ച്ച വര്‍ധിച്ചു: ജനം ഭീതിയില്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ കവര്‍ച്ച വര്‍ധിച്ചത്, ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. രാത്രി വൈകി പുറത്തിറങ്ങാന്‍ ആരും ധൈര്യപ്പെടുന്നില്ല. കഴിഞ്ഞയാഴ്ച ഒരു മലയാളിയെ കുത്തിക്കൊലപ്പെടുത്തി 90,000 ദിര്‍ഹത്തിലേറെ കവര്‍ച്ച ചെയ്തിരുന്നു. അതി നു രണ്ട് ദിവസം മുമ്പ് മണി എക്‌സ്‌ചേഞ്ചില്‍ ഇന്ത്യന്‍ കുടുംബത്തെ അക്രമിച്ച് ലക്ഷം ദിര്‍ഹം കവര്‍ന്ന സംഭവം പുറത്തുവന്നു.

ഈ മാസം മൂന്നിന് റോളയിലെ ഒരു എക്‌സ്‌ചേഞ്ചില്‍ രാത്രി എട്ടിനായിരുന്നു ആക്രമണം. 59 കാരനായ സൈദ് യൂസുഫ് അഹ്മദിന്റെ കുടുംബമാണ് കവര്‍ച്ചക്കിരയായത്. ഒരു ആഫ്രിക്കക്കാരനാണത്രെ പണം അടങ്ങിയ ബേഗ് തട്ടിയെടുത്തത്. ഇന്ത്യന്‍ രൂപക്ക് വിലയിടിഞ്ഞ സന്ദര്‍ഭത്തില്‍ ബേങ്കില്‍ നിന്ന് വായ്പ വാങ്ങി ഇന്ത്യയിലേക്ക് അയച്ച് ഒരു ഫഌറ്റ് വാങ്ങുകയായിരുന്നു സൈദ് യൂസുഫിന്റെ ലക്ഷ്യം. കവര്‍ച്ചയുടെ ആഘാതത്തില്‍ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12ന് കടവത്തൂര്‍ സ്വദേശി അബൂബക്കര്‍ (48) കുത്തേറ്റ് മരിച്ചത് മലയാളികള്‍ക്ക്, വിശേഷിച്ച് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ക്ക് ആഘാതമായിട്ടുണ്ട്. നാഷനല്‍ പെയിന്റ് ഭാഗത്തെ അസര്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് പാര്‍ട്ണറായ അബൂബക്കര്‍ കൊല്ലപ്പെട്ടതിന്റെ കേസ് ചുരുള്‍ അഴിഞ്ഞിട്ടില്ല.
നാഷനല്‍ പെയിന്റില്‍ രാത്രിയാകുമ്പോള്‍ ആരെയും കാണാന്‍ കഴിയുന്നില്ല. ഏത് സമയത്തും തിരക്കുപിടിച്ച സ്ഥലമായിരുന്നു നാഷനല്‍ പെയിന്റ് ജംഗ്ഷന്‍. രണ്ടാഴ്ച മുമ്പ് റോളയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നിരുന്നു. ഒരാള്‍ നടന്നുപോകുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നെങ്കിലും ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.