Connect with us

National

രാജ്യം തലകുനിച്ച ആ ദിനങ്ങളിലൂടെ...

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യം തലസ്ഥാനം അപമാനഭാരത്താല്‍ തല കുനിച്ച ദിവസമായിരുന്നു അത്. 2012 ഡിസംബര്‍ 16. ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് അന്ന് രാത്രിയാണ്. സാകേതില്‍ നിന്നും ആണ്‍സുഹൃത്തിനൊപ്പം ദ്വാരകയിലേക്കുള്ള യാത്രക്കിടെയാണ് ബസിലെ ജീവനക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും ആക്രമിച്ചത്. മുക്കാല്‍ മണിക്കൂറോളം നീണ്ട പീഡനത്തിനൊടുവില്‍ മനുഷ്യമൃഗങ്ങള്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയെ രാത്രി 11 മണിയോടെയാണ് പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധക്കൊടുങ്കാറ്റാണ് പിന്നെ കണ്ടത്… ആ നാള്‍വഴികളിലൂടെ.

ഡിസംബര്‍ 17:
പ്രതികളായ ബസ് ഡ്രൈവര്‍ രാം സിംഗിനേയും മറ്റ് രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്യുന്നു.

ഡിസംബര്‍ 18
ഡല്‍ഹിയില്‍ പ്രതിഷേധ സമരങ്ങള്‍ തുടങ്ങുന്നു. രണ്ട് പേര്‍കൂടി അറസ്റ്റില്‍.

ഡിസംബര്‍ 19
ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെണ്‍കുട്ടി തന്നെ രക്ഷിക്കാനാകുമോ എന്ന് എഴുതിച്ചോദിച്ചുവെന്ന് സഫ്ദര്‍ജംഗിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. പ്രതി വിനയ് തന്നെ തൂക്കിലേറ്റണമെന്ന് കോടതിയോട് ആവശ്യപ്പെടുന്നു.

ഡിസംബര്‍ 20
ജെ എന്‍ യു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്യ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവുമായി തലസ്ഥാനത്ത്.

ഡിസംബര്‍ 21
പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി കൂടി അറസ്റ്റിലാകുന്നു.

ഡിസംബര്‍ 22
പ്രതിഷേധക്കാരെ തടയുന്നതിന് വേണ്ടി ഏഴ് മെട്രോ സ്റ്റേഷനുകളും അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്.

ഡിസംബര്‍ 23
കേസിന്റെ വിചാരണക്കായി അതിവേഗ കോടതി രൂപവത്കരിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.  പ്രതിഷേധങ്ങള്‍ക്കിടെ സുരേഷ് തോമാര്‍ എന്ന പോലീസുകാരന്‍ പരിക്കേറ്റ് ആശുപത്രിയിലായി.

ഡിസംബര്‍ 24
പ്രതിഷേധങ്ങള്‍ അതിരുവിടാന്‍ തുടങ്ങിയതോടെ ജനങ്ങളോട് ശാന്തരാകുവാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അഭ്യര്‍ഥന. നീതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്.

ഡിസംബര്‍ 25
വിദ്യാര്‍ഥിനിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍ാര്‍. പോലീസ് ഓഫീസര്‍മാര്‍ കേസില്‍ ഇടപെടുന്നുവെന്ന് ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പരാതി. പരിക്കേറ്റ കോണ്‍സ്റ്റബിള്‍ തോമാര്‍ മരിച്ചു.

ഡിസംബര്‍ 26
പെണ്‍കുട്ടിയെ വിദഗ്ധ പരിചരണത്തിനായി സിംഗപ്പൂരിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം.  ജന്തര്‍മന്തറിലും പ്രതിഷേധക്കൊടുങ്കാറ്റ്.

ഡിസംബര്‍ 27
സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കുട്ടിയെ വിമാനമാര്‍ഗം മാറ്റുന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ മൂവായിരം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നു.

ഡിസംബര്‍ 29
ഒടുവില്‍, സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 4.45 ഓടെ അവള്‍ മരണത്തിന് കീഴടങ്ങുന്നു.

ഡിസംബര്‍ 30
മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ച് സംസ്‌കരിക്കുന്നു

2013 ജനുവരി 3
മാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, കൊലപാതക ശ്രമം എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

ജനുവരി 7
വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള വിചാരണയ്ക്ക് കോടതിയുടെ ഉത്തരവ്.

ജനുവരി 9
പ്രതികള്‍ക്ക് വേണ്ടി അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ വക്കാലത്ത് ഏറ്റെടുക്കുന്നു.

ജനുവരി 10
സംഭവത്തിന് ഇരകളും ഉത്തരവാദികളാണെന്ന പ്രതികളുടെ അഭിഭാഷകന്റെ പ്രസ്താവന. പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കലാകുന്നു.

ജനുവരി 28
പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡ് പ്രഖ്യാപിക്കുന്നു

ഫെബ്രുവരി 5
കേസിന്റെ വിചാരണ ആരംഭിക്കുന്നു. പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തുന്നു

മാര്‍ച്ച് 11
കേസിലെ മുഖ്യപ്രതി റാം സിംഗിനെ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്‌ടെത്തി

ഏപ്രില്‍ 11
ഡിസംബര്‍ 16 സംഭവത്തില്‍ പ്രതികളായ വിനയ് ശര്‍മയ്ക്കും പവന്‍ ഗുപ്തയ്ക്കും പങ്കില്ലെന്ന് വിനയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു. സംഭവ ദിവസം ഇരുവരും ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍.

ഏപ്രില്‍ 18
നിരവധി തവണ കോടതില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ശര്‍മയെ മാറ്റി പകരം രാജീവ് ജെയിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നു.

മേയ് 20
വിചാരണ അന്തിമ ഘട്ടത്തിലാണെന്നും 77 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയതായും കോടതി പ്രഖ്യാപിക്കുന്നു

ജൂണ്‍ 4
ജുവനൈയില്‍ പ്രതിയുടെ പ്രായം 18 ല്‍ എത്തുന്നു

ഓഗസ്റ്റ് 31
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്ന് വര്‍ഷം ദുര്‍ഗുണ പരിഹാര പഠനമെന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്

സെപ്റ്റംബര്‍ 10
നാലു പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി വിധിക്കുന്നു. ശിക്ഷ സെപ്റ്റംബര്‍ 11ന് പ്രഖ്യാപിക്കുമെന്ന് കോടതി.

സെപ്റ്റംബര്‍ 11
വിധി സെപ്റ്റംബര്‍ 13-ലേക്ക് മാറ്റുന്നു.

സെപ്റ്റംബര്‍ 13
ഡല്‍ഹിയിലെ സാകേത് കോടതി നാല് പ്രതികള്‍ക്കും വധശിക്ഷ വിധിക്കുന്നു.

---- facebook comment plugin here -----

Latest