വടകര: ഓട്ടോയില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍. അഴിയൂര്‍ മരുന്ന്‌നിറക്കല്‍ പുതിയ പുരയില്‍ ശറഫുദ്ദീ(32)നെയാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ദേശീയപാതയില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് വെച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 പൊതി ബ്രൗണ്‍ഷുഗറുമായി ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി വലയിലായത്. വടകര, മാഹി ഭാഗങ്ങളില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയാണിയാള്‍. ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പ്പന. സില്‍വര്‍ പേപ്പറില്‍ ബ്രൗണ്‍ഷുഗര്‍ നിറച്ച് കടലാസ് ചൂയിംഗം ഉപയോഗിച്ച് ഒട്ടിക്കുകയും സിഗരറ്റ് രൂപത്തിലാക്കി ഉപയോഗിക്കുകയുമാണ് ചെയ്യുക. ഇതിനായുള്ള ചൂയിംഗവും പേപ്പറുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
പരിശോധനക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം ജെ തോമസ്, പി വിനോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ ടി ഷിജു, ടി കെ സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, സായ്ദാസ്, ഷാജി, അജയകുമാര്‍, കെ സി അമ്മത്, പി വി ഷൈജു നേതൃത്വം നല്‍കി.