Connect with us

National

പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മോഡിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: എല്‍ കെ അഡ്വാനിയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പിയില്‍ തത്വത്തില്‍ തീരുമാനം. ബി ജെ പിയുടെ ലോക്‌സഭാ പ്രചാരണ സമിതി ചെയര്‍മാന്‍ കൂടിയായ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നാണ് ഇതേക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്.
മോഡിക്കെതിരെ ശക്തമായി നിലകൊള്ളുന്ന അഡ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് എതിര്‍പ്പുകള്‍ അവഗണിച്ച് ആര്‍ എസ് എസ് നിലപാട് പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. മോഡിക്കെതിരായ നിലപാടില്‍ അഡ്വാനിപക്ഷം ഉറച്ചുനിന്നതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടുണ്ട്.
അഡ്വാനിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഡ്വാനിപക്ഷത്തെ പ്രമുഖയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ സുഷമാ സ്വരാജുമായി രാജ്‌നാഥ് സിംഗ് ഇന്നലെയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. രാജ്‌നാഥിന് പുറമെ ആനന്ദ് കുമാറും സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുരളി മനോഹര്‍ ജോഷിയുമായി വിഷയം ബുധനാഴ്ച രാത്രി രാജ്‌നാഥ് സംസാരിച്ചിരുന്നു.
മോഡിയുടെ കാര്യത്തില്‍ ബി ജെ പിയില്‍ ആരും അസന്തുഷ്ടരല്ലെന്നും ആരും പ്രത്യേകം ഉപാധികള്‍ മുന്നോട്ടു വെച്ചിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തുന്നതില്‍ അഡ്വാനിക്കുള്ള എതിര്‍പ്പിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ബി ജെ പിയുടെ നയ രൂപവത്കരണ സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡ് ഇന്ന് ചേരുമോയെന്ന് വ്യക്തമാക്കാന്‍ രാജ്‌നാഥ് തയ്യാറായിട്ടില്ല. പാര്‍ലിമെന്ററി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗവും രാത്രിയോടെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
ബുധനാഴ്ച അഡ്വാനിയുമായി രാജ്‌നാഥ് നടത്തിയ കൂടിക്കാഴ്ച കാര്യമായ ഫലം കണ്ടിരുന്നില്ല. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബി ജെ പി- സംഘ്പരിവാര്‍ നേതൃയോഗത്തിനു ശേഷം മോഡിയെ പിന്തുണച്ച് ആര്‍ എസ് എസ് രംഗത്ത് വന്നിരുന്നു. മോഡിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ആര്‍ എസ് എസ് വക്താവ് സൂചന നല്‍കുകയും ചെയ്തു.
അതേസമയം, അഡ്വാനി പക്ഷത്തെ പ്രമുഖനായ സുധീന്ദ്ര കുല്‍ക്കര്‍ണി മോഡിയെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വന്നു. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്ന നേതാവാണ് മോഡിയെന്നും ജാതി അധിക്ഷേപമാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ സുസ്ഥിരമായ സര്‍ക്കാറിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവെന്നും കുല്‍ക്കര്‍ണി പറഞ്ഞു.
സാമുദായികമായി ധ്രുവീകരണമുണ്ടാക്കുന്ന നേതാവ് സ്വന്തം പാര്‍ട്ടിയിലും ധ്രുവീകരണമുണ്ടാക്കും. സുസ്ഥിരവും ഫലപ്രദവുമായ സര്‍ക്കാറിനെ കേന്ദ്രത്തില്‍ നയിക്കാന്‍ മോഡിക്കാകുമെന്ന് കരുതുന്നുണ്ടോയെന്ന് കുല്‍ക്കര്‍ണി ട്വിറ്റര്‍ സന്ദേശത്തില്‍ ചോദിച്ചു.
മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാവൂ എന്നാണ് അഡ്വാനിയുടെ നിലപാട്. തീരുമാനം നീണ്ടുപോയതോടെ ആര്‍ എസ് എസ് ഇടപെടുകയായിരുന്നു. മോഡിയുടെ ജന്മദിനമായ പതിനേഴിന് പ്രഖ്യാപനം നടത്തണമെന്നാണ് മോഡി അനുകൂലികളുടെ ആവശ്യം. നേരത്തെ മോഡിയെ ലോക്‌സഭാ പ്രചാരണ സമിതി തലവനായി ഉയര്‍ത്തിയതോടെ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചാണ് അഡ്വാനി പ്രതിഷേധമറിയിച്ചത്. ആര്‍ എസ് എസ് ഇടപെട്ടാണ് അന്ന് അഡ്വാനിയുടെ രാജി പിന്‍വലിപ്പിച്ചത്.
അതേസമയം, നരേന്ദ്ര മോഡിക്കെതിരെ നിലപാട് ശക്തമാക്കിയ എല്‍ കെ അഡ്വാനിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി ജെ പി നേതാവും ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ താത്പര്യം മനസ്സിലാക്കുന്നതില്‍ അഡ്വാനി പരാജയപ്പെട്ടതായി സുശീല്‍ കുമാര്‍ മോഡി ആരോപിച്ചു.
വാജ്പയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വന്തം നിലക്കാണ് അഡ്വാനി പ്രഖ്യാപിച്ചത്. അത് തന്നെയാണ് നരേന്ദ്ര മോഡിയുടെ കാര്യത്തിലും അഡ്വാനി ചെയ്യേണ്ടത്. നരേന്ദ്ര മോഡിക്ക് അനുകൂലമാണ് പൊതുവികാരമെന്ന് അഡ്വാനി മനസ്സിലാക്കുന്നില്ലെന്ന് സുശീല്‍ കുമാര്‍ മോഡി ട്വിറ്ററില്‍ പറഞ്ഞു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അഡ്വാനിക്കെതിരെ പരസ്യമായി നിലപാടെടുത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടിട്ടുണ്ട്.