കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍

Posted on: September 12, 2013 7:30 am | Last updated: September 12, 2013 at 7:55 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ വ്യാപക പരിശോധനക്കിടെ 900 ഗ്രാം കഞ്ചാവുമായി പത്തനംതിട്ട സ്വദേശി തൈക്കാവില്‍ ശമീര്‍ഖാന്‍ (30) ആണ് പെരിന്തല്‍മണ്ണ സി ഐ ജലീല്‍ തോട്ടത്തില്‍, എസ് ഐ ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
ഓണത്തോടനുബന്ധിച്ച് ടൗണിലും പരിസെരങ്ങളിലും അനധികൃത മദ്യവില്‍പ്പനയും കഞ്ചാവ് കച്ചവടവും തടയാന്‍ മഫ്ടിയില്‍ പ്രത്യേക സംഘത്തെ എസ് ഐ ഗിരീഷ്‌കുമാര്‍ നിയോഗിച്ചിരുന്നു. അതിനിടെയാണ് പത്തനംതിട്ട സ്വദേശിയായ പ്രതി കഞ്ചാവുമായി പെരിന്തല്‍മണ്ണയിലെത്തിയതായി സംഘത്തിന് രഹസ്യ വിവരം ലഭിക്കുന്നത്.ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാന കണ്ണിയായ ഉത്തരേന്ത്യക്കാരനായ യുവാവ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായിരുന്നു.
ബാറുകളും തിയേറ്ററുകളും കേന്ദ്രീകരിച്ച് മഫ്ടി പൊലീസിനെ വിന്യസിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ഈ രണ്ടു പേരെയും പിടികൂടാനായതെന്ന് എസ് ഐ അറിയിച്ചു.