ഇഫ്‌ലു; ശശി തരൂരുമായി ചര്‍ച്ച നടത്തി

Posted on: September 12, 2013 7:30 am | Last updated: September 12, 2013 at 7:50 am

മലപ്പുറം: നിര്‍ദിഷ്ട ഇഫ്‌ലു ക്യാമ്പസ് സ്ഥാപിക്കുന്നതിനുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഈ വര്‍ഷം തന്നെ ക്യാമ്പസ് യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പി ഉബൈദുല്ല എം എല്‍ എ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ഡോ. ശശി തരുരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ക്യാമ്പസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്നും പിന്നാക്ക ജില്ലയായ മലപ്പുറത്ത അനുവദിച്ച ക്യാമ്പസ് ഇന്ന് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരും യൂനിവേഴ്‌സിറ്റിയും ഇടപെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അനിശ്ചിതത്വം നീക്കി ക്യാമ്പസ് ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ മാനവ വിഭവ ശേഷി വകുപ്പ് നടപടി സ്വീരിച്ചു വരികയാണെന്നും അപേക്ഷകരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് മലപ്പുറം ക്യാമ്പസില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളോട് ലഖ്‌നൗവില്‍ അഡ്മിഷന്‍ നേടാന്‍ ആവശ്യപ്പെട്ടതെങ്കില്‍ വീണ്ടും അപേക്ഷ ക്ഷണിക്കുവാന്‍ യൂനിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കുമെന്നും കേന്ദ്ര മന്ത്രി ശശി തരൂര്‍ എം എല്‍ എക്ക് ഉറപ്പ് നല്‍കി.