Connect with us

Gulf

സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യം: ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: സ്വദേശി മനുഷ്യവിഭവശേഷിയുടെ അടിസ്ഥാനത്തില്‍ സമഗ്രവും സുസ്ഥിരവുമായ വികസനമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.

“യൂത്ത് അംബാസിഡര്‍” പരിപാടിയില്‍ പങ്കെടുത്തവരുമായി സംവദിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ഇവര്‍ ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
അര്‍ഹതയുള്ളതും സംസ്‌കാര സമ്പന്നവുമായ യുവജനങ്ങളാണ് രാഷ്ട്രനിര്‍മാണത്തിന് വേണ്ടത്. ഇവര്‍ രാഷ്ട്രത്തിന്റെ നേട്ടങ്ങളെ സംരക്ഷിച്ചു നിര്‍ത്തും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പരിഗണന യുവജനങ്ങള്‍ക്ക് എപ്പോഴും ലഭ്യമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
നമ്മുടെ പൂര്‍വ പിതാക്കള്‍ പറഞ്ഞുതന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. നമ്മുടെ പിന്‍ഗാമികള്‍ക്ക് സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ അതാണ് മാര്‍ഗം. സമാധാനത്തിന്റെയും സഹവര്‍തിത്വത്തിന്റെയും ജീവകാരുണ്യത്തിന്റെയും സന്ദേശം നമ്മള്‍ പകര്‍ന്നു കൊടുക്കണം-ശൈഖ് മുഹമ്മദ് പറഞ്ഞു.
ചൈന, കൊറിയ സന്ദര്‍ശനങ്ങളിലെ അനുഭവങ്ങള്‍ യുവജനങ്ങള്‍ ശൈഖ് മുഹമ്മദുമായി പങ്കുവെച്ചു. വിദേശകാര്യ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് അല്‍ ബുത്തി അല്‍ ഹാമിദ്, കിരീടാവകാശി കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂയി, ഡയറക്ടര്‍ ജനറല്‍ ജാബിര്‍ മുഹമ്മദ് ഘാനിം അല്‍ സുവൈദി പങ്കെടുത്തു. യു എ ഇ സര്‍വകലാശാലയിലെ ശാസ്ത്ര വിദ്യാര്‍ഥികളെയാണ് യൂത്ത് അംബാസിഡര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Latest