Connect with us

Ongoing News

ഉപയോക്താക്കള്‍ക്ക് ഇനി വൈദ്യുതി പുറത്തുനിന്ന് വാങ്ങാം

Published

|

Last Updated

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് സംസ്ഥാനത്തെ പ്രസരണ, വിതരണ ലൈനുകളിലൂടെ വൈദ്യുതി പുറത്തുനിന്നും സ്വന്തംനിലക്ക് എത്തിക്കാന്‍ അവസരമൊരുങ്ങുന്നു. അന്തര്‍സംസ്ഥാന ഓപ്പണ്‍ ആക്‌സസ് സംവിധാനത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. പവര്‍കട്ടും ലോഡ്‌ഷെഡിംഗും മറ്റും ഏര്‍പ്പെടുത്തുന്നതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പുതിയ ഉത്തരവിലൂടെ ഒരു പരിധിവരെ പരിഹാരമാകും. വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കാണ് പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്യുക. എന്നാല്‍ ഉപയോക്താക്കള്‍ക്ക് വൈദ്യുതി പുറത്തുനിന്നും ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിച്ചത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയാണ്. ഇതിലൂടെ കനത്ത സാമ്പത്തിക നഷ്ടവും ബോര്‍ഡിനുണ്ടാകും.
അംഗീകൃത ലൈസന്‍സികള്‍ ഉപയോഗിക്കുന്ന പ്രസരണ, വിതരണ ലൈനുകളില്‍ നിശ്ചിത ഫീസ് ചുമത്തി ഏത് ഉപഭോക്താവിനും ലൈന്‍ ലഭ്യതക്കനുസരിച്ച് വൈദ്യുതി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തമായി വാങ്ങി ഉപയോഗിക്കാനാണ് അവസരമൊരുങ്ങുന്നത്. കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിശദമായ രൂപരേഖ രണ്ട് മാസത്തിനകം തയ്യാറാക്കി കമ്മീഷന്റെ അംഗീകാരം നേടണമെന്ന് കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അംഗീകൃത ലൈസന്‍സികളുടെ ലൈനുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താവ് പ്രസരണ ചാര്‍ജും വിതരണലൈന്‍ ഉപയോഗിക്കുന്നതിന് വീലിംഗ് ചാര്‍ജും ക്രോസ് സബ്‌സിഡി സര്‍ചാര്‍ജും നല്‍കണം. പ്രസരണ, വീലിംഗ് നിരക്കുകളും ക്രോസ് സബ്‌സിഡി നിരക്കുമെല്ലാം അതതു സമയങ്ങളില്‍ റഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുക. ഇങ്ങനെ ലഭ്യമാക്കുന്ന വൈദ്യുതി ഉപയോക്താവിന് വില്‍പ്പന നടത്താം. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല ഓപ്പണ്‍ ആക്‌സസ് സൗകര്യമാണ് അനുവദിക്കുക. ഉത്പാദന നിലയങ്ങള്‍, വിതരണ ലൈസന്‍സികള്‍, പവര്‍ ട്രേഡര്‍മാര്‍, ഉപയോക്താക്കള്‍ എന്നിവര്‍ക്ക് അന്തര്‍സംസ്ഥാന പ്രസരണ, വിതരണ ശൃംഖലകളെ ആശ്രയിക്കാം. ഹ്രസ്വകാല ഓപ്പണ്‍ ആക്‌സസ് ഒരു മാസം വരെയും മധ്യകാല ഓപ്പണ്‍ ആക്‌സസ് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെയും ദീര്‍ഘകാല ഓപ്പണ്‍ ആക്‌സസ് പരമാവധി 12 വര്‍ഷം വരെയുമാണ്. ലോഡ്‌ഷെഡിംഗ് സമയത്ത് പരിമിതമായ തോതില്‍ ഹ്രസ്വകാല സംവിധാനം അനുവദിക്കും. നിശ്ചിത ഫീഡറുകളിലൂടെ വൈദ്യുതി വിതരണം സാധ്യമാക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം.

Latest