തുക തിരിച്ചുപിടിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശം

Posted on: September 11, 2013 12:53 am | Last updated: September 11, 2013 at 12:53 am

കൊടുവള്ളി: കൊടുവള്ളി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണത്തിന് ചെലവഴിച്ച തുകയില്‍ നിന്ന് 1,94,939 രൂപ തിരിച്ചുപിടിക്കാന്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശം. പ്രവര്‍ത്തിയുടെ ആറാം ഇനമായി കോണ്‍ഫ്‌റന്‍സ് ഹാളിന്റെ മേല്‍ഭാഗം പി പി സി ചാനല്‍ കൊണ്ട് സീലിംഗ് നടത്തിയിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത പ്രവൃത്തി മൂലം സീലീംഗിന്റെ ഭൂരിഭാഗവും തകര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിത്തുകയുടെ ഒരു ഭാഗം തിരിച്ചുപിടിക്കാന്‍ തദ്ദേശ സ്വയംഭരണ ഓഡിറ്റ് വിഭാഗം നിര്‍ദേശം നല്‍കിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പ്രകാരം മെയിന്ററന്‍സ് ഗ്രാന്റ് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ആസ്തി സംരക്ഷണം നടത്താന്‍ പാടില്ല. ഇതിന് വിരുദ്ധമായി തുക മാറ്റി ചെലവഴിച്ചതിന് വിശദീകരണം നല്‍കാനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. നേരത്തെ വൃദ്ധര്‍ക്കും വികലാംഗര്‍ക്കുമുള്ള വിശ്രമ കേന്ദ്രത്തിന് അനുവദിച്ച ഫര്‍ണിച്ചറുകള്‍ കാണാതായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.