Connect with us

Kozhikode

പേരാമ്പ്രയില്‍ കമ്പനിക്ക് സാധ്യത

Published

|

Last Updated

പേരാമ്പ്ര: പെരുവണ്ണാമൂഴി സി ആര്‍ പി എഫ് കേന്ദ്രം ആരംഭിച്ചതിന് പിന്നാലെ പേരാമ്പ്രയില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ കമ്പനി വരാന്‍ സാധ്യതയേറി. കേരളത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് കമ്പനികള്‍ അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ മലബാറില്‍ അനുവദിക്കുന്ന കമ്പനി വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി താത്പര്യപ്പെട്ടിട്ടുണ്ട്. ഇതിനുവേണ്ടി എരവട്ടൂര്‍ വില്ലേജിലെ ചേര്‍മലയിലുള്ള നാല് ഏക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യമന്തര സഹമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ പ്രദീപന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. നിലവില്‍ ഈ സ്ഥലം സീറോ ലാന്‍ഡ്‌ലെസ് പരിപാടിയിലുള്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് പതിച്ചു കൊടുക്കണമെന്നാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.
ദുരന്ത സാധ്യത ഏറെയുള്ള ചക്കിട്ടപാറ, കുറ്റിയാടി, കാന്തലാട്, കൂരാച്ചുണ്ട് മലയോര മേഖലക്ക് ദുരന്ത നിവാരണ സേനയുടെ കമ്പനി ഏറെ പ്രയോജനപ്പെടും.
നിലവില്‍ മലബാറില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആര്‍ക്കോണത്തുള്ള സേനയുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. പേരാമ്പ്രയുടെ വികസന മുന്നേറ്റത്തില്‍ മറ്റൊരു നാഴികക്കല്ലാകാന്‍ സാധ്യതയുള്ളതാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ കമ്പനി.
ഇതോടൊപ്പം കേന്ദ്ര സര്‍വകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനുവേണ്ടി പെരുവണ്ണാമൂഴിയിലെ സുഗന്ധവിള ഗവേഷണകേന്ദ്രത്തിനായി നല്‍കിയ ഭൂമിയുടെ ഒരു ഭാഗം വിട്ടുതരണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.