Connect with us

Wayanad

റോഡ് സുരക്ഷ: അപകടസാധ്യത കണ്ടെത്താന്‍ സുരക്ഷാ ഓഡിറ്റിംഗ്

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ റോഡപകടങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സുരക്ഷാ ഓഡിറ്റിംഗ് നടത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തില്‍ ധാരണ.
തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍ കൂടുതല്‍ കാണുന്ന പ്രദേശങ്ങള്‍, അപകടം കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍, മുന്‍കാലങ്ങളിലെ അപകടങ്ങളുടെ കാരണം സംബന്ധിച്ച വിശകലനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശദമായ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കും.
പൊതുമരാമത്ത് വകുപ്പിനും പോലീസിനും ഇതിന്റെ പകര്‍പ്പ് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികളിലൂടെ അപകടസാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
ജില്ലയിലെ കൊളഗപ്പാറ, പാതിരിപ്പാലം എന്നീ പ്രദേശങ്ങളില്‍ അപകട സാധ്യത കണക്കിലെടുത്ത് പ്രതിരോധ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പാലത്തില്‍ സൈഡ് ഭിത്തി നിര്‍മ്മിച്ചും റിഫ്‌ലക്ട് ലൈറ്റുകള്‍ വച്ചും സുരക്ഷാ സംവിധാനം ഒരുക്കി. കൊടുംവളവുകളിലും മറ്റും അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ ജില്ലാകളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇതിനായി തഹസീല്‍ദാര്‍മാര്‍ പരിശോധന നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുക. ആര്‍ച്ചുകള്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവ അനുവദനീയമല്ലാത്ത തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വാഹനങ്ങളില്‍ സുരക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഇതിനായി ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ടൂറിസം സംരംഭകരുടെയും സഹകരണം തേടും. അപകട സാധ്യതയുള്ള ഡിവൈഡറുകള്‍ ശാസ്ത്രീയമായി പുനക്രമീകരിക്കും. ദൂരെ നിന്ന് ഡിവൈഡറുകള്‍ കാണുന്നതിന് സാധിക്കും വിധം ഉയരമുള്ള ബാറുകള്‍ ഡിവൈഡറുകളുടെ രണ്ട് വശങ്ങളിലും സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ജി രാജു അധ്യക്ഷത വഹിച്ചു. ആര്‍ ടി ഒ വിസുരേഷ്‌കുമാര്‍, എ ഡി എം. എന്‍ ടി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest