Connect with us

Palakkad

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ; ഭൂമി കൈമാറുന്നില്ലെന്ന് ഉറപ്പാക്കും: ജില്ലാ കലക്ടര്‍

Published

|

Last Updated

പാലക്കാട്:ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിക്കുന്നവര്‍ക്ക് അത് കൈമാറില്ലെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണ സംവിധാനമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു. ഭൂമി കൈമാറുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച ഗുണഭോക്താവിനെ സത്യവാങ്മൂലം വാങ്ങിക്കും. തുടര്‍ന്നായിരിക്കും നിരീക്ഷണ സംവിധാനം ഉണ്ടാവുക.പട്ടയം ലഭിച്ചു കഴിഞ്ഞാല്‍ ഭൂമി എന്തും ചെയ്യാന്‍ കഴിയുമെന്ന നിലപാടിന് ഇതോടെ മാറ്റമുണ്ടാകും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പദ്ധതിയുടെ ഗുണഭോക്താക്കളെയും ഭൂമിയും തെരഞ്ഞെടുക്കുന്നതിന് നടന്ന ഓണ്‍ലൈന്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജില്ലയിലെ റവന്യൂ പുറമ്പോക്ക് ഭൂമി മാത്രമാണ് ഇപ്പോള്‍ കൈമാറ്റം ചെയ്യുന്നത്. ഒരാള്‍ക്ക് മൂന്ന് സെന്റ് ഭൂമിയാണ് നല്‍കുക. പദ്ധതിയിലേക്ക് സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായ തിരഞ്ഞെടുപ്പ് ഏഴ് ജില്ലകളില്‍ പൂര്‍ത്തിയാക്കി. 24 നകം മുഴുവന്‍ ജില്ലകളിലും ഒന്നാം ഘട്ടം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കലും ഭൂമി നല്‍കലും പൂര്‍ത്തിയാക്കും. ലാന്റ് റവന്യൂ സെക്രട്ടേറിയറ്റിലെ ജോയിന്റ് കമ്മീഷണര്‍ പി രതീശന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ നടത്തുന്നത്. സ്റ്റേറ്റ് സെല്ലില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ എം പ്രതാപന്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു.
എ ഡി എം കെ ഗണേശന്‍, സബ് കലക്ടര്‍ കാര്‍ത്തികേയന്‍, ഡെപ്യൂട്ടി കലക്ടര്‍ ടി സ്വാമിനാഥന്‍ പങ്കെടുത്തു.