വിലക്കയറ്റം: സി പി എം സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു

Posted on: September 11, 2013 12:30 am | Last updated: September 11, 2013 at 12:38 am

കണ്ണൂര്‍: വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് ആരോപിച്ച് ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ സി പി എം സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്തു. കണ്ണൂര്‍ താലൂക്ക് ഓഫീസ് പിക്കറ്റിംഗ് ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ആലക്കോട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധിച്ചു. ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധം കെ കെ ശൈലജയും പയ്യന്നൂര്‍ സബ് ട്രഷറി പിക്കറ്റിംഗ് എം വി ജയരാജനും ഉദ്ഘാടനം ചെയ്തു.
ചെറുപുഴ സബ് ട്രഷറി, ശ്രീകണ്ഠപുരം സബ്ട്രഷറി, തളിപ്പറമ്പ് താലൂക്ക് ഓഫീസ്, പഴയങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസ്, മയ്യില്‍ എ ഇ ഒ ഓഫീസ്, കടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസ്, ചക്കരക്കല്‍ സബ് ട്രഷറി, മമ്പറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, തലശ്ശേരി താലൂക്ക് ഓഫീസ്, പാനൂര്‍ സബ്ട്രഷറി ഓഫീസ്, മട്ടന്നൂര്‍ സബ് ട്രഷറി, ഇരിട്ടി സബ് രജിസ്ട്രാര്‍ ഓഫീസ്, പേരാവൂര്‍ സബ് ട്രഷറി എന്നിവിടങ്ങളിലും പിക്കറ്റിംഗ് നടന്നു. ചെറുപുഴയില്‍ കെ കെ നാരായണന്‍ എം എല്‍ എയും ശ്രീകണ്ഠപുരത്ത് ജയിംസ് മാത്യു എം എല്‍ എയും തളിപ്പറമ്പില്‍ എം പ്രകാശനും പഴയങ്ങാടിയില്‍ വി നാരായണനും ഉദ്ഘാടനം ചെയ്തു.