ഹാരിസണ്‍സ് ഭൂമി: ഓര്‍ഡിനന്‍സ് ഇറക്കണം

Posted on: September 11, 2013 12:15 am | Last updated: September 11, 2013 at 12:15 am

SIRAJ.......ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി തിരിച്ചു പിടിക്കാന്‍ അനുവാദം തേടിക്കൊണ്ടുള്ള കേരള സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതി തള്ളിയെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്ന് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പഌഡറുടെ നിയമോപദേശം ലഭിച്ചിരിക്കയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനം ഹൈക്കോടതി അസാധുവാക്കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച പുതിയ നിയമാവിഷ്‌കാരത്തിന് ഹൈക്കോടതി വിധി തടസ്സമല്ലെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്. നിയമം കൊണ്ടുവരുന്നതിലും കേസ് നടത്തിപ്പിലുമുണ്ടായ ഗുരുതരമായ വീഴ്ചയാണ്് ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസില്‍ സര്‍ക്കാറിന് പരാജയമേല്‍ക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമായിരിക്കെ, സ്‌പെഷ്യല്‍ പഌഡറുടെ നിയമോപദേശം സര്‍ക്കാറിന് ആശ്വാസകരമാണ്.
വയനാട്, പാലക്കാട,് തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നീ എട്ട് ജില്ലകളിലെ 28 എസ്റ്റേറ്റുകളിലായി 76,000ത്തിലേറെ ഏക്കര്‍ ഭൂമിയില്‍ വിളയുന്ന തേയിലയില്‍ നിന്നും റബ്ബറില്‍ നിന്നും കമ്പനിക്ക് പ്രതിദിനം 1000 കോടിയിലേറെ രൂപ വിറ്റുവരവുണ്ടെന്നാണ് കണക്ക്. ഈ സമ്പാദ്യമത്രയും ലണ്ടനിലേക്കാണ് ഒഴുകുന്നത്. സ്വാതന്ത്രാനന്തരം 65 വര്‍ഷം പിന്നിട്ടിട്ടും ഭൂപരിഷ്‌കരണ നിയമവും വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) തന്ത്രപരമായി മറികടന്നു കേരള മണ്ണില്‍ കമ്പനി നടത്തുന്ന കോളനി വാഴ്ച അവസാനിപ്പിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നത് ലജ്ജാവഹമാണ്.
നിയമവിരുദ്ധമായാണ് ഹാരിസണ്‍ കമ്പനി ഭൂമി കൈവശം വെക്കുന്നതെന്ന് അന്വേഷണ കമ്മീഷനുകളെല്ലാം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറന്റെ കാലത്ത് നിയമിതമായ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാരിസണ്‍ വശം 76,769.80 ഏക്കര്‍ ഭൂമിയുണ്ടെന്നും കമ്പനി പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായല്ലാത്തതിനാല്‍ അവരുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമവശം പരിശോധിക്കാന്‍ നിയമിതനായ റിട്ട. ജസ്റ്റിസ് എല്‍ മനോഹരന്‍ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇതടിസ്ഥാത്തില്‍ കമ്പനി വശമുള്ള ഭൂമിയെയും കമ്പനിയെയും സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിതനായ ലാന്‍ഡ് റവന്യൂ വകുപ്പ് അസി. കമ്മീഷണര്‍ ഡി സജിത്ബാബു അധ്യക്ഷനായ കമ്മീഷന്‍, കമ്പനി പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് തെളിവുകള്‍ സഹിതം സര്‍ക്കാറിനെ ബോധ്യപ്പെടുത്തി. എന്തു കൊണ്ടോ ഈ മൂന്ന് റിപ്പോര്‍ട്ടുകളിന്മേലും തുടര്‍ നടപടികളുണ്ടായില്ല. അന്ന് റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ പര്‍ട്ടി കമ്പനിയുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാറും റിപ്പോര്‍ട്ടുകളിന്മേല്‍ നടപടി കൈക്കൊള്ളുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. വാഴുന്നോരും രാഷ്ട്രീയക്കാരും ഉദ്യേഗസ്ഥവൃന്ദവുമെലല്ലാം സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറക്കുക യായിരുന്നോ?
ഹാരിസണ്‍ കമ്പനിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ ഒന്നൊന്നായി ഒഴിഞ്ഞുമാറിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ജസ്റ്റിസ് ചിദംബ രേഷ് മുമ്പാകെയാണ് കേസ് ആദ്യമെത്തിയത്. അദ്ദേഹം വാദം കേള്‍ക്കാതെ പിന്മാറി. തുടര്‍ന്ന് സര്‍ക്കാര്‍ സമീപിച്ച അഞ്ച് ഡിവിഷന്‍ ബെഞ്ചു കളിലെയും ജഡ്ജിമാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏഴാമത്തെ ഡിവിഷന്‍ ബഞ്ചിലാണിപ്പോള്‍ കേസുള്ളത്. പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയുള്ള ജഡ്ജിമാരുടെ ഈ പിന്മാറ്റം സന്ദേഹങ്ങളുയര്‍ത്തുകയുണ്ടായി.
സ്‌പെഷ്യല്‍ പഌഡറുടെ നിയമോപദേശത്തിന്റെ വെളിച്ചത്തില്‍ ഭൂമി ഏറ്റെടുക്കലിന് ഓര്‍ഡിനന്‍സ് കൊണ്ടുവരിക യാണ് സര്‍ക്കാറിന്റെ മുമ്പിലുള്ള വഴി.നേരത്തെ സര്‍ക്കാറിന്റെ ഉന്നതതല യോഗം ഓര്‍ഡിനന്‍സിന് തീരുമാനി ച്ചിരുന്നതാണ്. കേരളത്തെ ചൂഷണം ചെയ്തു നേടുന്ന വന്‍ സമ്പാദ്യം ലണ്ടനിലേക്ക് കടത്തുന്ന ഈ വിദേശക്കമ്പനി അനധികൃതമായി കൈവശം വെച്ചു വരുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള അടിയന്തര നടപടി സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യമാണ്.

ALSO READ  ‘ഡ്രീം കേരള' സാക്ഷാത്കരിക്കപ്പെടണം