ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം

Posted on: September 11, 2013 5:55 am | Last updated: September 10, 2013 at 11:55 pm

തിരുവനന്തപുരം: എ ഡി ബി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് ജയില്‍മോചിതനായി.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളെടുത്ത മാധ്യമങ്ങളെ ജയില്‍ ജീവനക്കാരനും ഫിറോസിന്റെ ബന്ധുവും തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ ജയിലിലെ താത്കാലിക ജീവനക്കാരന്‍ തസ്‌ലീമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു.
വകുപ്പിന്റെ ജീപ്പ് മറയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് തസ്‌ലിം തടഞ്ഞത്. സ്വന്തം വാഹനത്തിലേക്ക് ഫിറോസ് നടന്നടുക്കുന്നതിനൊപ്പം ജീപ്പ് മറയൊരുക്കി. ക്യാമറകള്‍ ഒരു വശത്തും ഫിറോസ് മറുവശത്തുമായി ഇരുപതടി നടന്നപ്പോള്‍ ചാനല്‍ കാമറാമാന്‍മാര്‍ ജീപ്പ് തടഞ്ഞു.
തൊട്ടുപിന്നാലെ ഫിറോസിന്റെ ബന്ധു മാധ്യമപ്രവര്‍ത്തകരെ തടയുകയും ചാനല്‍ ക്യാമറാമാന്‍മാരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഉന്തും തള്ളിനുമിടെ ഒരു ക്യാമറക്ക് സാരമായ തകരാറുണ്ടായി. ഫിറോസിനെ സഹായിക്കാന്‍ ശ്രമിച്ചത് താത്കാലിക ജീവനക്കാരന്‍ തസ്‌ലീം ആണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയുകയായിരുന്നു. ഇയാളെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയതായി പത്രപ്രവര്‍ത്തക യൂനിയനെ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു.
സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പി ആര്‍ ഡിയിലെ തിരിച്ചറിയില്‍ കാര്‍ഡ് കഴുത്തില്‍ ധരിച്ചാണ് ഫിറോസ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എ ഡി ബി വായ്പാതട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന്റെയും സരിതാ എസ് നായരുടെയും കൂട്ടുപ്രതിയായ ഇയാള്‍ക്ക് ഹൈക്കോടതി തിങ്കളാഴ്ചയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, മൂന്ന് മാസത്തേക്ക് തിരുവനന്തപുരം വിട്ട് പോകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
ഏഷ്യന്‍ ഡവലപ്‌മെന്റ് ബേങ്കിന്റെ 25 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി സലീം കബീറില്‍ നിന്ന് 40.20 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.
സോളാര്‍ കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണന്‍ എ ഡി ബി ഉദ്യോഗസ്ഥനായും സരിത എസ് നായര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും വേഷമിട്ടാണു തട്ടിപ്പ് നടത്തിയത്.
ഇവരെയും സലീമിനെയും തമ്മില്‍ പരിചയപ്പെടുത്തിയതു ഫിറോസായിരുന്നു. ഈ തട്ടിപ്പിന്റെ പ്രതിഫലമായി ഫിറോസിന് അഞ്ച് ലക്ഷം രൂപയും രണ്ട് സ്വര്‍ണ മോതിരങ്ങളും, ഐ ടെന്‍ കാറും ലഭിച്ചതായി തെളിഞ്ഞിരുന്നു.