Connect with us

Kerala

യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം:സലിം രാജ് റിമാന്‍ഡില്‍

Published

|

Last Updated

കോഴിക്കോട്; യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസില്‍ ആരോപണവിധേയനുമായ സലിം രാജ് ഉള്‍പ്പെടെ ഏഴ് പേരെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സലിം രാജിനും സംഘത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഒരു യുവതിയും പുരുഷനും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് അവരെ തടഞ്ഞു നിര്‍ത്തി വാക്കേറ്റം നടത്തുന്നതിനിടെ നാട്ടുകാരാണ് സലിം രാജുള്‍പ്പെട്ട സംഘത്തെ പിടിച്ചുവെച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ സ്ത്രീയെ തേടിയെത്തിയ സലിം രാജിനെയും സംഘത്തെയും കരിക്കാംകുളത്ത് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രസന്നന്‍, റഷീദ എന്നിവരെയാണ് സലിം രാജും സംഘവും റോഡില്‍ തടഞ്ഞത്. ഇവരില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കി സ്ത്രീയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
പ്രസന്നന്‍, റഷീദ എന്നിവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുളള റോഡില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സലിം രാജും സംഘവും തടയുകയായിരുന്നു. മുപ്പത് ലക്ഷത്തോളം രൂപയും സ്വര്‍ണവും എടുക്കുകയും റഷീദയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ വാഹനത്തിന് ചുറ്റും നിലയുറപ്പിച്ച് പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്നത് സംഘര്‍ഷത്തിനിടയാക്കി. എ പ്രദീപ്കുമാര്‍ എം എല്‍ എ, നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാം എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ പോലീസിന് കൈമാറിയത്.
സലിം രാജിനെ കൂടാതെ ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ സജ്‌ന ഭവനില്‍ റിജോ (28), ആശാന്റെ അയ്യത്ത് സത്താര്‍ (38), കുരനാഗപ്പള്ളി ആദനാട് പൈങ്ങാക്കുളം മന്‍സില്‍ ഇര്‍ഷാദ് (24), മേമന സ്വദേശികളായ ജുനൈദ് മന്‍സിലില്‍ ജുനൈദ് (30), ഷംനാല്‍ മന്‍സില്‍ ഷംനാദ് (29) പായിക്കുടി മണ്ടെത്തെ പുത്തന്റെ വീട്ടില്‍ സിദ്ദീഖ് (37) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തന്റെ സുഹൃത്തിന്റെ ബന്ധുവാണ് യുവതിയെന്നും കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഇവരെ തട്ടിക്കൊണ്ടു പോയതിനെയാണ് ചോദ്യം ചെയ്തതെന്നും വീട്ടില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണവും പണവുമാണ് യുവതിയുടെ കൈയിലുണ്ടായിരുന്നതെന്നും സലിം രാജ് നാട്ടുകാരെ അറിയിച്ചു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ രേഖ കൈയിലുണ്ടെന്നറിയിച്ച സലിം രാജ് താന്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനാണെന്ന് പറഞ്ഞ് പോലീസ് ഐ ഡി കാര്‍ഡ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. എന്നാല്‍, ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുണ്ടെന്നും ഇതിനാണ് യുവതിയെ കൂട്ടികൊണ്ടുപോകാനെത്തിയതെന്നുമാണ് പിന്നീട് നാട്ടുകാരോട് പറഞ്ഞത്.

Latest