ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനത്തെ വികലമാക്കിയെന്ന്

Posted on: September 11, 2013 5:29 am | Last updated: September 10, 2013 at 11:29 pm

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനം തെറ്റായി ആലപിച്ചത് വിവാദമായി. ഉപരാഷ്ട്രപതി കേരളത്തിലെത്തിയശേഷം ആദ്യം പങ്കെടുത്ത ചടങ്ങിലാണ് ദേശീയ ഗാനത്തെ വികലമാക്കിയത്. കേന്ദ്ര സഹമന്ത്രി ശശി തരൂരിന് ശ്രീനാരായണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കലായിരുന്നു ചടങ്ങ്. ശ്രീനാരായണ ധര്‍മസമിതിയായിരുന്നു പരിപാടിയുടെ സംഘാടകര്‍.

ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പും അവസാനിച്ചപ്പോഴും ആലപിച്ച ദേശീയഗാനത്തില്‍ തെറ്റുകള്‍ കടന്നുകൂടിയിരുന്നു. സംഘാടകരില്‍ ഒരാളാണ് ദേശീയഗാനം ആലപിച്ചത്. വികലമായ ആലാപന ശൈലിയും ജയഹേ എന്ന് ആവര്‍ത്തിച്ചു ചൊല്ലേണ്ട ദേശീയഗാനത്തിന്റെ അവസാനഭാഗം എണ്ണം പാലിക്കാതെ പെട്ടെന്ന് അവസാനിപ്പിച്ചതും ആലാപനത്തിലെ കല്ലുകടിയായി. ഉപരാഷ്ട്രപതിയെ കൂടാതെ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരും ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. ദേശീയഗാനത്തെ വികലമാക്കിയതിന് സംഘാടകര്‍ക്കെതിരേ നിയമ നടപടികളുണ്ടാകുമെന്നാണ് സൂചന. ഇതിനു പുറമേ ചടങ്ങില്‍ അവതാരകനായെത്തിയ വ്യക്തി ഉപരാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചതും കല്ലുകടിയായി. ജി എസ് പ്രദീപായിരുന്നു അവതാരകന്‍. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ പാലിക്കേണ്ടെ മര്യാദകള്‍ പാലിക്കാതെ വാചാലനായ അവതാരകന്‍ പല ഘട്ടത്തിലും പരിധി കടക്കുകയായിരുന്നു. ഉപരാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനെതിരെ ചടങ്ങ് അവസാനിച്ചശേഷം പ്രതിഷേധമുയര്‍ന്നിരുന്നു.