Connect with us

National

ഭട്കലിന്റെയും കൂട്ടാളിയുടെയും കസ്റ്റഡി നീട്ടി; ഡി എന്‍ എ പരിശോധനക്ക് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹീദീന്‍ നേതാവ് യാസീന്‍ ഭട്കല്‍, സുഹൃത്ത് അസദുല്ല അക്തര്‍ എന്നിവരുടെ എന്‍ ഐ എ കസ്റ്റഡി സെപ്തംബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് പ്രതികളെ എന്‍ ഐ എ കസ്റ്റഡയില്‍ വിട്ടത്. രാജ്യത്തെ വിവിധ സ്‌ഫോടന പരമ്പരകളില്‍ മുഖ്യ പങ്ക് ഇവര്‍ക്കുണ്ടെന്ന് സംശയിക്കുന്നതായും ഇത് അന്വേഷിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ എന്‍ ഐ എ പറഞ്ഞു.
ഭട്കല്‍, അക്തര്‍ എന്നിവരെ ജില്ലാ ജഡജി ഐ എസ് മേത്തയുടെ മുന്നില്‍ ഹാജരാക്കി. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഇരുഭാഗത്ത് നിന്നും വാദം കേട്ട ശേഷമാണ് കോടതി പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്.

പ്രതികളുടെ ഡി എന്‍ എയും, രക്ത സാമ്പിളുകളും ശേഖരിക്കാന്‍ കോടതി എന്‍ ഐ എക്ക് അനുമതി നല്‍കി. ഇതിന് പ്രത്യേക ഹരജി എന്‍ ഐ എ സമര്‍പ്പിച്ചിരുന്നു. ഇരു പ്രതികളുടെയും കസ്റ്റഡി 15 ദിവസത്തേക്ക് നീട്ടണമെന്നായിരുന്നു എന്‍ ഐ എയുടെ ആവശ്യം. ഇ മെയില്‍ ചാറ്റിംഗ് വഴി തീവ്രവാദികള്‍ പാക്കിസ്ഥാനിലെ കൂട്ടാളികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് എന്‍ ഐ എ കോടതിയില്‍ പറഞ്ഞു.

എന്‍ ഐ എയുടെ ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ എം എസ് ഖാന്‍, എസ് ഖാമര്‍ എന്നിവര്‍ പറഞ്ഞു. പ്രതികള്‍ കോഡ് ഭാഷയും ചിഹ്‌നങ്ങളും ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നതെന്ന് എന്‍ ഐ എ കണ്ടെത്തി. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് പ്രതികള്‍ക്ക് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്നും ഇതിനായി കഠിനമായി പ്രയത്‌നിച്ചിരുന്നുവെന്നും എന്‍ ഐ എ ഹരജിയില്‍ പറയുന്നു.