അവിഹിത ബന്ധം ഭാര്യയോടുള്ള ക്രൂരതയല്ലെന്ന് സുപ്രീം കോടതി

Posted on: September 10, 2013 11:06 pm | Last updated: September 10, 2013 at 11:06 pm

ന്യൂഡല്‍ഹി:: മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന കാരണത്താല്‍ ഭര്‍ത്താവിനെ കുറ്റക്കാരനായി കാണാനാകില്ലെന്നും ദാമ്പത്യ കടമകള്‍ നിര്‍വഹിക്കാതെ ഭാര്യയോട് ക്രൂരമായി പെരുമാറിയെന്ന് ഇതിനെ വിശേഷിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി. അതേസമയം, ഇത് കാരണം ഭാര്യയെ ആത്മഹത്യയിലേക്ക് നയിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന കുറ്റമാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ദാമ്പത്യ കാലത്ത് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പം കാരണം ദാമ്പത്യ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ലെന്നത് ക്രൂരതയായി എണ്ണാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് തങ്ങള്‍ക്കുള്ളതെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, പി സി ഘോസി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ജോലിസ്ഥലത്തെ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയതിനാല്‍ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരനാണെന്ന് വിചാരണാ കോടതിയും ഹൈക്കോടതിയും വിധിച്ച കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവിന്റെ അവിഹിത ബന്ധം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു കോടതികള്‍ തീര്‍പ്പ് കല്‍പ്പിച്ചത്. 498 എ, 306 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്ന് ഇരു കോടതികളും വിധിച്ചു.

കീഴ്‌ക്കോടതികളുടെ വിധിയെ ദുര്‍ബലമാക്കിയ സുപ്രീം കോടതി യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഭാര്യയെ ആത്മഹത്യയിലേക്ക് നയിക്കുന്നതായിരുന്നില്ല ഈ വിവാഹപൂര്‍വ ബന്ധം. ഭാര്യ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇയാളുടെ ബന്ധം. ഭര്‍ത്താവിനെ കുറ്റപ്പെടുത്തും മുമ്പ്, അവിഹിത ബന്ധമാണ് ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. സംശയപ്രകടനത്തിനപ്പുറം മറ്റൊന്നും പ്രോസിക്യൂഷന്‍ ചെയ്തിട്ടില്ല.

അതേസമയം, ആ ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്ന് തെളിയിച്ചാല്‍ തീര്‍ച്ചയായും അത് അധാര്‍മികവും നിയമവിരുദ്ധവുമാണ്. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ ഭാര്യയെ പ്രതി പ്രേരിപ്പിച്ചതായോ പ്രോത്സാഹിപ്പിച്ചതായോ പ്രോസിക്യൂഷന്‍ തെളിയിച്ചിട്ടില്ല. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഒരു വശത്തു നിന്നുള്ള സ്‌നേഹബന്ധമായാണ് കോടതിക്ക് കാണാന്‍ സാധിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസികമായോ ശാരീരികമായോ പീഡനവും ഉണ്ടായിട്ടില്ല.
ഭര്‍ത്താവിന്റെ കാര്യത്തില്‍ കൂടുതല്‍ സ്വാര്‍ഥയായിരുന്നു മരിച്ച സ്ത്രീയെന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്ന് വായിക്കാന്‍ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ നഷ്ടപ്പെടുമോയെന്ന സമ്മര്‍ദത്തിലായിരുന്നു അവര്‍. ഒരു തവണ ഗര്‍ഭച്ഛിദ്രം ചെയ്തതും ജനിച്ച് ദിവസങ്ങള്‍ക്കകം ഒരു മകള്‍ മരിച്ചതും കാണിക്കുന്നത് ഭര്‍ത്താവിനോടുള്ള അമിതമായ ഈ സ്വാര്‍ഥം മൂലം ഗുരുതരമായ മാനസിക സമ്മര്‍ദം അവരെ കീഴ്‌പ്പെടുത്തിയിരുന്നു എന്നതാണ്. കോടതി നിരീക്ഷിച്ചു.

 

ALSO READ  നിര്‍ണായക നിയമ വ്യവഹാരത്തിന്റെ ശില്‍പ്പി