യുഎഇയില്‍ പുതുക്കിയത് 7.6 ലക്ഷം ലേബര്‍ കാര്‍ഡ്

Posted on: September 10, 2013 6:18 pm | Last updated: September 10, 2013 at 7:18 pm

അബുദാബി: യുഎഇയില്‍ ആറു മാസത്തിനുള്ളില്‍ പുതുക്കിയത് 7.60 ലക്ഷം ലേബര്‍ കാര്‍ഡുകള്‍. ദുബൈ തൊഴില്‍ മന്ത്രാലയത്തിലാണ് അര കൊല്ലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലേബര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ കിട്ടിയത്. തലസ്ഥാന എമിറേറ്റില്‍ ആറു മാസത്തിനിടെ 2.67 ലക്ഷത്തില്‍ കൂടുതല്‍ ലേബര്‍ കാര്‍ഡുകള്‍ പുതുക്കിയപ്പോള്‍ ദുബായില്‍ പുതുക്കിയ കാര്‍ഡുകളുടെ എണ്ണം 3.23 ലക്ഷം കടന്നു. ഷാര്‍ജയില്‍ 99,211 കാര്‍ഡുകളാണു പുതുക്കി നല്‍കിയത്.
റാസല്‍ഖൈമയില്‍ 19,198 ഉം അജ്മാനില്‍ 31,984 കാര്‍ഡുകളും ഫുജൈറയില്‍ 13,568ഉം ഉമ്മുല്‍ഖുവൈനില്‍ 5,106 കാര്‍ഡുകളും പുതുക്കിയശേഷം തൊഴിലാളികള്‍ കൈപ്പറ്റിയിട്ടുണ്ട്. ലേബര്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കു പിഴ ചുമത്തുന്നതു കര്‍ശനമാക്കിയതോടെ പുതുക്കാനുള്ള അപേക്ഷകളില്‍ വര്‍ധനയുണ്ടായതായാണു റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ് രണ്ടു മാസം പിന്നിട്ട കാര്‍ഡുകള്‍ പുതുക്കാതിരുന്നാല്‍ 1,000 ദിര്‍ഹം പിഴ ചുമത്തും. ഒരു മാസം കാര്‍ഡ് പുതുക്കുന്നതു വൈകിയാലും 1000 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടിവരും.