കര്‍ഫ്യൂ തുടരുന്നു; ഉത്തര്‍പ്രദേശില്‍ മരണം 38 ആയി

Posted on: September 10, 2013 5:35 pm | Last updated: September 10, 2013 at 5:35 pm

10_muzzafarnagar_j_1579232eമുസാഫര്‍നഗര്‍: സാമുദായി സംഘര്‍ഷം വ്യാപിക്കുന്ന ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കര്‍ഫ്യൂ തുടരുന്നു. ഇതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് 360 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുസാഫര്‍ നഗറില്‍ മാത്രം 32 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര സെക്രട്ടറി കമല്‍ സക്‌സേന ലക്‌നൗവില്‍ പറഞ്ഞു. സമീപ പ്രദേശങ്ങളിലാണ് മറ്റുള്ളവര്‍ മരിച്ചത്. മീററ്റില്‍ രണ്ട് പേരും ഹാപൂര്‍, ബാഗ്പറ്റ്, സഹാറാപൂര്‍, ഷംലി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. അക്രമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

സിവില്‍ ലൈന്‍സ്, കൊട് വാളി, നഈ മന്ത്ി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുന്നത്. ഇവിടങ്ങളില്‍ പോലീസ്, അര്‍ധ സൈനിക, സൈനിക വിഭാഗങ്ങള്‍ പട്രോളിംഗ് തുടരുന്നുണ്ട്. പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പൂവാലശല്യത്തില്‍ നിന്നാണ് മുസാഫര്‍ നഗറില്‍ സംഘര്‍ഷം ഉടലെടുത്തത്. സഹോദരിയെ പിന്നാലെ നടന്ന് ശല്യം ചെയ്തയാളെ കൊന്ന സഹോദരന്‍മാരെ ഒരു സംഘമാളുകള്‍ വകവരുത്തിയതോടെ മുസാഫര്‍ നഗറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 27ന് കവാല്‍ ഗ്രാമത്തില്‍ കുത്തേറ്റ് മരിച്ചയാളുടെ കുടുംബവുമായി സംസാരിക്കാന്‍ പോകുന്ന വഴിക്കാണ് സഹോദരന്‍മാരെ ഒരു സംഘം തല്ലിക്കൊന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇത് പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ തണുപ്പിക്കാനായില്ല. തുടര്‍ന്ന്, 31ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് അനുകമ്പയുള്ളവര്‍ കവാലില്‍ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. എന്നാല്‍, എതിര്‍ സമുദായം ഇതിനെ എതിര്‍ക്കുകയും ഖലാപാര്‍ പ്രദേശത്ത് സമാന്തര പഞ്ചായത്തിന് പദ്ധതിയിടുകയും ചെയ്തു. എം പിമാരും എം എല്‍ എമാരും പ്രാദേശിക നേതാക്കളും അടങ്ങുന്ന പ്രതിനിധി സംഘം പ്രഖ്യാപിച്ച സമയത്ത് പഞ്ചായത്ത് നടത്താന്‍ കവാല്‍ നേതാക്കളെ വെല്ലുവിളിച്ചു.

അപകടം മണത്ത പോലീസ് അധികൃതര്‍ ഖലാപാര്‍ പഞ്ചായത്ത് താത്കാലികമായി നിര്‍ത്തിവെച്ചതായി കവാലുകാര്‍ക്ക് ഉറപ്പുനല്‍കി. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാക്കളായ രാകേഷ്, നരേഷ് തികൈത് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഖലാപാര്‍ പഞ്ചായത്ത് മാറ്റിവെച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തുടര്‍ന്ന്, പഞ്ചായത്ത് ഒഴിവാക്കിയതായും സെപ്തംബര്‍ ഏഴിന് സമ്മേളിക്കുമെന്നും കവാല്‍ പഞ്ചായത്ത് അധികൃതരും അറിയിച്ചു. അറിയിപ്പ് വരുമ്പോള്‍ 40,000 പേര്‍ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. ഇവര്‍ തിരിച്ചുപോകുമ്പോള്‍ ബാസി ഗ്രാമത്തില്‍ വെച്ച് വാളുകളുമായി ഒരു സംഘം ആക്രമിച്ചു. തുടര്‍ന്ന്, അക്രമം വ്യാപിക്കുകയായിരുന്നു.