Connect with us

Malappuram

അപൂര്‍വ രോഗം; ചാലിയാര്‍ പഞ്ചായത്തിലെ ഒരു ഏക്കറോളം നെല്‍കൃഷി കരിയുന്നു

Published

|

Last Updated

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ തീക്കടിയില്‍ അപൂര്‍വ രോഗം ബാധിച്ച് കൃഷി ഉണങ്ങുന്നു. തീക്കടി മുടിക്കോടന്‍ നന്ദകുമാറിന്റെ വയലിലാണ് നെല്ലിന് അപൂര്‍വ രോഗം ബാധിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷവും കൃഷി ഉണങ്ങി നശിച്ചിരുന്നു. മുണ്ട കേട് കൊണ്ടോ കുമ്മായ കുറവ് കൊണ്ടോ ആകാം നെല്ല് നശിക്കുന്നതെന്നാണ് കൃഷി വകുപ്പ് അധികൃര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അവ പരിഹരിച്ച ശേഷവും നെല്ല് നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. വിശദ പരിശോധനക്കായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്ക് അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഒന്നാം വിളക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും നെല്ല് നശിച്ചുണങ്ങിയത്. നെല്ല് ഉണങ്ങി നശിച്ചതോടെ പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകന്‍ പറയുന്നു. സമീപത്തെ പാടങ്ങളിലേക്കും അപൂര്‍വ രോഗം ബാധിക്കുന്നുണ്ട്. ഇലചുരുട്ടി പുഴു, ഇല കരിച്ചില്‍, ഇലപ്പുള്ളി എന്നിവ കൊണ്ടാണ് നെല്ല് ഉണങ്ങുന്നതെന്നും കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്നും ചാലിയാര്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ജൈവ മരുന്നുകള്‍ വേണ്ട അളവില്‍ നല്‍കിയാല്‍ കരിച്ചില്‍ തടയാനാകുമെന്നും കൃഷിഓഫീസര്‍ പറഞ്ഞു.