കോട്ടക്കലില്‍ ആട് ഗ്രാമം പദ്ധതി പരാജയം

Posted on: September 10, 2013 10:59 am | Last updated: September 10, 2013 at 10:59 am

കോട്ടക്കല്‍: നഗരസഭയിലെ ആട് ഗ്രാമം പദ്ധതി കര്‍ഷകര്‍ക്ക് ബാധ്യതയായി. നടത്തിപ്പിലെ പാളിച്ചകള്‍ കാരണം പദ്ധതി പരാജയപ്പെട്ടതാണ് കര്‍ഷകര്‍ക്ക് ഭാരമായത്.
കഴിഞ്ഞ ജൂണിലാണ് നഗരസഭയില്‍ പദ്ധതി നടപ്പിലാക്കിയത്. ഒരു യൂണിറ്റില്‍ അഞ്ച്ആടുകള്‍ എന്ന കണക്കില്‍ 20 യൂനിറ്റാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. നൂറ് ആടുകളെയാണ് പദ്ധതിയില്‍പെടുത്തി കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതിനായി ഓരോ കര്‍ഷകര്‍ക്കും 30,000രൂപ യാണ് നിശ്ചയിച്ചിരുന്നതെങ്കിലും 26000രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. 4000 രൂപ മെമ്പര്‍ഷിപ്പ് ഇനത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. കൂടുള്‍പ്പെടെ വാങ്ങുതിനാണ് ഈ തുക അനുവദിച്ചിരുന്നത്. പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കിയതാണ് പരാജയത്തിന്റെ മുഖ്യകാരണം. നഗരസഭ നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിരുന്നില്ലെന്നാണ് പരാതി. ആട് വിതരണത്തിനായി തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് തലശ്ശേരിയില്‍ പരിശീലനം നല്‍കിയിരുന്നു. ഇവിടെ നടപ്പിലാക്കിയ പദ്ധതി പഠിച്ച് പ്രായോഗികമാക്കുകയായിരുന്നു ലക്ഷ്യം. ഈ പിരിശീലനവും നഗരസഭയിലെ മൃഗ ഡോക്ടറെ അറിയിച്ചിരുന്നില്ല. ഇത് കാരണം ഇവര്‍ നിസഹകരിച്ചു. രോഗം വന്ന് പലരുടെ ആടുകളും ചത്തപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഡോക്ടര്‍മാര്‍ക്ക് നേരത്തെയുള്ള കണക്കും തെളിവും ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനായില്ല.
പദ്ധതിയില്‍പെട്ട ആടുകളുടെ കണക്കും അടയാളവും നേരത്തെ രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ നഷ്ടം നികത്താനായി പല കര്‍ഷകര്‍ക്കും എണ്ണം തികക്കാന്‍ വീണ്ടും ആടുകളെ വാങ്ങേണ്ടിയും വന്നു. അതിനിടിയില്‍ 1000രൂപ ഇന്‍ഷ്വറന്‍സ് തുകയിലേക്കും കര്‍ഷകര്‍ നല്‍കേണ്ടി വന്നു. പദ്ധതിയിലെ അവ്യക്തതയും നഷ്ടത്തിന് മറ്റൊരു കാരണമായി. ആടുകളെ വില്‍പ്പന നടത്തുന്നകാര്യമോ നഗരസഭ ഏറ്റെടുക്കുന്നതോ അറിയിച്ചിരുന്നില്ല. ആടുകളെ എന്ത് ചെയ്യുമെന്നറിയാതിരുന്നതിനാല്‍ ഇക്കാര്യത്തിലും കര്‍ഷകര്‍ വട്ടം കറങ്ങി. നേരത്തെ നല്‍കിയ 30,000രൂപ പലിശ സഹിതം തിരിച്ചടക്കണമെന്ന നിര്‍ദ്ദേശവും കര്‍ഷകര്‍ക്ക് ബാധ്യതതയായി തീര്‍ന്നു.