വര്‍ഗീസ് കുര്യന് കോഴിക്കോട്ട് സ്മാരകം വേണമെന്ന് നിര്‍ദേശം

Posted on: September 10, 2013 10:54 am | Last updated: September 10, 2013 at 10:54 am

കോഴിക്കോട്: ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന് അദ്ദേഹത്തിന്റെ ജന്മനഗരമായ കോഴിക്കോട്ട് ഉചിതമായ സ്മാരകം വേണമെന്ന് നിര്‍ദേശമുയര്‍ന്നു. ഡോ. കുര്യന്റെ ഒന്നാം ചരമ ദിനത്തോടനുബന്ധിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എ പ്രദീപ്കുമാര്‍ എം എല്‍ എ യാണ് ഈ നിര്‍ദേശം വെച്ചത്. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം സി പി ജോണ്‍ ഈ നിര്‍ദേശത്തെ പിന്തുണക്കുകയും ചെയ്തു. ക്ഷീര ഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ പര്യാപ്തമായിരിക്കണം ഇത്തരമൊരു സ്മാരകമെന്ന് ചടങ്ങില്‍ അഭിപ്രായമുയര്‍ന്നു.
കേരളത്തിലെ പാലുത്പ്പാദന രംഗത്തുണ്ടായ വിപ്ലവകരമായ വളര്‍ച്ചക്ക് ഡോ.കുര്യന്റെ പ്രചോദനവും പ്രോത്സാഹനവും ഉണ്ടായിരുന്നുവെന്ന് ചടങ്ങിന് ആശംസയറിയിച്ച സംസ്ഥാന ക്ഷീര വികസന, സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കാനുളള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം വിജയിച്ചാല്‍ ഇന്ത്യയിലെ ഒന്നാമത്തെ പാലുല്‍പ്പാദക സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ലഭിച്ച അധികാരമുപയോഗിച്ച് ജനങ്ങളെ ഭരിക്കാനല്ല മറിച്ച് അവരെ സമ്പത്തായി കണ്ടതാണ് ഡോ. വര്‍ഗീസ് കുര്യന്‍ നേടിയ വിജയത്തിന് കാരണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി പി ജോണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വികസനത്തിന്റെ യഥാര്‍ഥ പ്രശ്‌നം നമുക്ക് സാമൂഹിക മൂലധനം ഇല്ലാത്തതാണ്. ഇത്തരമൊരു പശ്ചാത്തലത്തിന്റെയും യാഥാസ്ഥിതികമെന്ന് ആരോപിക്കപ്പെടുന്ന നിലപാടുളള രാഷ്ട്രീയക്കാരുടെയും സൃഷ്ടിയായിരുന്നു ഡോ. വര്‍ഗീസ് കുര്യനെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് അധ്യക്ഷത വഹിച്ചു. മണ്ണുത്തിയില്‍ 58.50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയുടെ രൂപരേഖ മണ്ണുത്തി ഡയറി സയന്‍സ് കോളജ് ഡീന്‍ ഡോ. ആര്‍ രാജേന്ദ്ര കുമാര്‍ അവതരിപ്പിച്ചു. ഡയറി സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മില്‍മ ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡല്‍ മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് വിതരണം ചെയ്തു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ പി ശ്രീകുമാര്‍, വെറ്ററിനറി സര്‍വകലാശാല എന്റര്‍പ്യൂണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. എസ് രാംകുമാര്‍, മലബാര്‍ മേഖലാ ക്ഷീര യൂനിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ടി തോമസ്, ഡോ. പി ഐ ഗീവര്‍ഗ്ഗീസ് സംസാരിച്ചു.