സ്‌നേഹസ്പര്‍ശം ജില്ലയിലെ ഏറ്റവും ശ്രേഷ്ഠമായ പദ്ധതി: മന്ത്രി

Posted on: September 10, 2013 10:51 am | Last updated: September 10, 2013 at 10:51 am

കോഴിക്കോട്: അശ്രദ്ധയും അലംഭാവവും കാരണം ശരിയായ സമയത്ത് നിര്‍ണയിക്കാന്‍ കഴിയാത്തതാണ് പല രോഗങ്ങളും സങ്കീര്‍ണമാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രം ചികിത്സ തേടുന്നതുകൊണ്ടാണ് അത് ഫലപ്രദമാകാതെ വരുന്നതെന്നും മന്ത്രി പറഞ്ഞു. കിഡ്‌നി രോഗികള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം നാലാം ഘട്ടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി വിവിധ മത സംഘടനകള്‍, വ്യാപാര വ്യവസായ രംഗത്തുള്ളവരും കുടുംബശ്രീ പ്രവര്‍ത്തകരും പരിമിതിക്കുള്ളില്‍ നിന്ന് നല്‍കിയ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണ്. നല്ല കാര്യങ്ങള്‍ ആരംഭിക്കാന്‍ മാനസികമായും സാമ്പത്തികമായും പിന്തുണ നല്‍കുന്നവരാണ് ഈ കാലഘട്ടത്തില്‍ ഭൂരിപക്ഷം പേരും. അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ മതപരവും വൈകാരികവുമായ ചിന്തകളെ മാറ്റിനിര്‍ത്തണം. കുട്ടികള്‍ക്ക് തുടര്‍ ചികിത്സയും രോഗ നിര്‍ണയും ഉറപ്പുവരുത്താന്‍ മലബാര്‍ ഗ്രൂപ്പ് സംഭാവന നല്‍കിയ മൊബൈല്‍ യൂനിറ്റ് പ്രവര്‍ത്തനങ്ങള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തുടങ്ങിയ ഒറ്റ പദ്ധതി പോലും പാതിവഴിയില്‍ നില്‍ക്കുന്നില്ലെന്നും ജില്ലയിലെ ഏറ്റവും ശ്രേഷ്ഠമായ പദ്ധതിയാണ് സ്‌നേഹസ്പര്‍ശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളിലെ ജീവിതശൈലി രോഗ നിര്‍ണയം തുടര്‍ചികിത്സ എന്ന പേരില്‍ ആരംഭിച്ച നാലാം ഘട്ട സ്‌നേഹസ്പര്‍ശം പദ്ധതിയുമായി ബന്ധപ്പെട്ട് 1000 വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിശോധന നടത്തി. ഇവരില്‍ 15ഓളം പേര്‍ക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പരിശോധന നടത്തുകയും രോഗലക്ഷണം കണ്ടെത്തുന്ന പാവപ്പെട്ടവര്‍ക്ക് വിദഗ്ദ്ധ ചികിത്സ തികച്ചും സൗജന്യമായി ലഭ്യമാക്കാനുമാണ് സ്‌നേഹസ്പര്‍ശം നാലാം ഘട്ട പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പ്രകാശനം ചെയ്ത റിപ്പോര്‍ട്ട് ബുക്ക് ജില്ലാ പഞ്ചായത്ത് അംഗം വി ടി ജോസഫ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷയായിരുന്നു. ജില്ലാ കലക്ടര്‍ സിഎ ലത, ഇഖ്‌റ ആശുപത്രി എം ഡി ഡോ. പി സി അന്‍വര്‍, ജില്ലാ ഡി ഡി ഇ അമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.