Connect with us

Ongoing News

മുസാഫര്‍ നഗറില്‍ സംഘര്‍ഷം വ്യാപിക്കുന്നു

Published

|

Last Updated

മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു. മുസാഫര്‍ നഗര്‍ ജില്ലയില്‍ ആരംഭിച്ച സംഘര്‍ഷം അയല്‍ ജില്ലയായ ശാമ്‌ലിയിലേക്കും പടര്‍ന്നു. ഇരു ജില്ലകളിലുമായി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തൊന്നായി. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പന്ത്രണ്ട് മണിക്കൂര്‍ ഇടവിട്ടുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കി.
മുസാഫര്‍ നഗറിലും സമീപ പ്രദേശങ്ങളിലുമായി അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തൊന്ന് ആയതായി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ എം ശ്രീവാസ്തവ അറിയിച്ചു. സമീപ ജില്ലയായ ശാമ്‌ലിയിലേക്കും സംഘര്‍ഷം വ്യാപിച്ചതായും നാല്‍പ്പതുകാരനായ പള്ളി ഇമാമായ മൗലാനാ ഉമര്‍ ദിന്‍ വെടിയേറ്റ് മരിച്ചതായി ശാമ്‌ലി ജില്ലാ മജിസ്‌ട്രേറ്റ് പി കെ സിംഗ് സ്ഥിരീകരിച്ചു. മേഖലയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇരുനൂറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി ജെ പിയുടെ നാല് എം എല്‍ എമാരും കോണ്‍ഗ്രസ് മുന്‍ എം പിയും ഉള്‍പ്പെടെ ആയിരം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ജനപ്രതിനിധികള്‍ക്ക് മേല്‍ ചുമത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ മതപരമായി വിഭജിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത്തരം സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘത്തെയും കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ നേതാവുമായ അജിത് സിംഗിനെയും ഗാസിയാബാദില്‍ തടഞ്ഞു. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം സാമുദായിക സംഘര്‍ഷത്തിന്റെ പേരില്‍ നൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു.
അതേസമയം, സംഘര്‍ഷം നിയന്ത്രണവിധേയമായിട്ടുണ്ടെന്നും കര്‍ഫ്യൂ കുറച്ചു ദിവസം കൂടി തുടരുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ച് സഹായം ഉറപ്പ് നല്‍കി. യു പി ഗവര്‍ണര്‍ ബി എല്‍ ജോഷി ഗവര്‍ണര്‍ക്ക് ഞായറാഴ്ച റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. കരസേനയെ കൂടാതെ 1300 സി ആര്‍ പി എഫ്, 1200 ദ്രുതകര്‍മ സേനാംഗങ്ങളെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ആഗസ്റ്റ് 27ന് പെണ്‍കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കവാല്‍ ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇവരില്‍ ഒരു വിഭാഗം മഹാപഞ്ചായത്ത് കഴിഞ്ഞ് മടങ്ങുന്നതിനിടെ എതിര്‍ വിഭാഗം ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

---- facebook comment plugin here -----

Latest