മുസാഫര്‍ നഗര്‍ സംഘര്‍ഷം: തുടങ്ങിയത് ‘പൂവാലശല്യ’ത്തില്‍ നിന്ന്

Posted on: September 10, 2013 12:10 am | Last updated: September 10, 2013 at 12:10 am

musafar nagarലക്‌നോ: മുസാഫര്‍നഗറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത് ‘പൂവാലശല്യം’. സഹോദരിയെ പിന്നാലെ നടന്ന് ശല്യം ചെയ്തയാളെ കൊന്ന സഹോദരന്‍മാരെ ഒരു സംഘമാളുകള്‍ വകവരുത്തിയതോടെയാണ് മുസാഫര്‍ നഗറില്‍ മുപ്പതിലധികം പേരുടെ ജീവനെടുത്ത സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കഴിഞ്ഞ മാസം 27ന് കവാല്‍ ഗ്രാമത്തില്‍ കുത്തേറ്റ് മരിച്ചയാളുടെ കുടുംബവുമായി സംസാരിക്കാന്‍ പോകുന്ന വഴിക്കാണ് സഹോദരന്‍മാരെ ഒരു സംഘം തല്ലിക്കൊന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇത് പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ തണുപ്പിക്കാനായില്ല. തുടര്‍ന്ന്, 31ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് അനുകമ്പയുള്ളവര്‍ കവാലില്‍ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. എന്നാല്‍, എതിര്‍ സമുദായം ഇതിനെ എതിര്‍ക്കുകയും ഖലാപാര്‍ പ്രദേശത്ത് സമാന്തര പഞ്ചായത്തിന് പദ്ധതിയിടുകയും ചെയ്തു. എം പിമാരും എം എല്‍ എമാരും പ്രാദേശിക നേതാക്കളും അടങ്ങുന്ന പ്രതിനിധി സംഘം പ്രഖ്യാപിച്ച സമയത്ത് പഞ്ചായത്ത് നടത്താന്‍ കവാല്‍ നേതാക്കളെ വെല്ലുവിളിച്ചു.
അപകടം മണത്ത പോലീസ് അധികൃതര്‍ ഖലാപാര്‍ പഞ്ചായത്ത് താത്കാലികമായി നിര്‍ത്തിവെച്ചതായി കവാലുകാര്‍ക്ക് ഉറപ്പുനല്‍കി. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാക്കളായ രാകേഷ്, നരേഷ് തികൈത് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഖലാപാര്‍ പഞ്ചായത്ത് മാറ്റിവെച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തുടര്‍ന്ന്, പഞ്ചായത്ത് ഒഴിവാക്കിയതായും സെപ്തംബര്‍ ഏഴിന് സമ്മേളിക്കുമെന്നും കവാല്‍ പഞ്ചായത്ത് അധികൃതരും അറിയിച്ചു. അറിയിപ്പ് വരുമ്പോള്‍ 40,000 പേര്‍ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. ഇവര്‍ തിരിച്ചുപോകുമ്പോള്‍ ബാസി ഗ്രാമത്തില്‍ വെച്ച് വാളുകളുമായി ഒരു സംഘം ആക്രമിച്ചു. തുടര്‍ന്ന്, അക്രമം വ്യാപിക്കുകയായിരുന്നു. അയല്‍ ജില്ലകളായ ഷംലി, മീറത്ത് എന്നിവിടങ്ങളിലെ മേഖലകളിലും സംഘര്‍ഷമുണ്ടായി. ദേശീയ സുരക്ഷാ നിയമ പ്രകാരം എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഏഴ് പേര്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നും ഒരാള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുമാണ്.