Connect with us

Editorial

മുസാഫര്‍ നഗറുകള്‍ ആവര്‍ത്തിക്കുന്നത്

Published

|

Last Updated

മുസാഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷം വ്യാപിക്കുകയാണ്. കലാപത്തില്‍ ഇതിനകം 26 പേര്‍ വധിക്കപ്പെടുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ജാട്ട് സമുദായക്കാരിയായ യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചു ന്യൂനപക്ഷ സമുദായത്തില്‍പെട്ട യുവാവിനെ, യുവതിയുടെ ബന്ധുക്കള്‍ കൊന്നതാണ് തുടക്കം. പ്രകോപിതരായ യുവാവിന്റെ ബന്ധുക്കള്‍ മറുഭാഗത്തെ രണ്ട് പേരെയും കൊന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഈ പ്രശ്‌നത്തെ സംഘ്പരിവാര്‍ വര്‍ഗീയവത്കരിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആസൂത്രണം ചെയ്ത പരിക്രമയാത്ര പരാജയപ്പെട്ടതില്‍ നിരാശരായി കഴിയുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ദശ്യങ്ങള്‍, മുസാഫര്‍നഗറിലേതെന്ന വ്യാജേന പ്രചരിപ്പിച്ചത് കലാപം ആളിക്കത്തിക്കാന്‍ ഇടയാക്കി. അക്രമം സമീപ ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും പടരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ് മുസാഫര്‍ നഗര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 410 വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഇതിനകം തന്നെ 451 സംഘര്‍ഷങ്ങളുണ്ടായി. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ജമ്മുകാശ്മീര്‍ സംസ്ഥാനങ്ങളിലാണ് വര്‍ഗീയ അസ്വസ്ഥതകള്‍ കൂടുതലെന്നും 2012 ല്‍ യു പിയില്‍ നിന്ന് മാത്രം 104 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആഭ്യന്തര മന്ത്രാലയം പറയുന്നു. 2010ല്‍ 651 ഉം 2009ല്‍ 773 ഉം 2008ല്‍ 658 ഉം കലാപങ്ങള്‍ നടന്നതായാണ് കണക്ക.്
കലാപങ്ങള്‍ ശക്തമായി നേരിടുന്നതിലും ഉത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിലും ഭരണകൂടങ്ങള്‍ കാണിക്കുന്ന അനാസ്ഥയാണ് വര്‍ധനവിന് കാരണം. ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഒറ്റക്കെട്ടായി നേരിടേണ്ട മതേതര പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് അവയെ ഉപയോഗപ്പെടുത്താനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. മുസാഫര്‍ നഗര്‍ സംഭവത്തിലും ഇതാണ് സ്ഥിതി. പ്രശ്‌നത്തെ, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി സര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയായുധമാക്കാനുള്ള തത്രപ്പാടിലാണ് ഇതര കക്ഷികള്‍. കലാപം അഴിച്ചുവിട്ട വര്‍ഗീയ ഫാസിസ്റ്റുകളെ അപലപിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളാണ് കോണ്‍ഗ്രസ്, ബി എസ് പി നേതാക്കളില്‍ നിന്നുണ്ടായത്. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ അഖിലേഷ് സര്‍ക്കാറിന് വീഴ്ചകള്‍ സംഭവിച്ചിരിക്കാം. അത് ചൂണ്ടിക്കാണിക്കേണ്ടതുമാണ്. എന്നാല്‍ ഒരു പ്രദേശം വര്‍ഗീയ സംഘര്‍ഷത്താല്‍ ആളിക്കത്തുമ്പോള്‍ അവിടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള യത്‌നങ്ങളിലായിരിക്കണം മതേതര പ്രസ്ഥാനങ്ങളുടെ ശ്രദ്ധ. കക്ഷി, രാഷ്ട്രീയ ഭിന്നതകള്‍ അതിന് വിഘാതമാകരുത്.
ഗുജറാത്ത് വംശീയഹത്യയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും, ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി 2011ല്‍ യു പി എ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്‍ പരാജയപ്പെടാന്‍ കാരണവും തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ നിലപാടുകളായിരുന്നല്ലോ. വര്‍ഗീയബാധിത പ്രദേശങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരുമായും ഇരകളുടെ പ്രാസ്ഥാനിക, സംഘടനാ പ്രതിനിധികളുമായും കൂടിയാലോചിച്ചു വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ ദേശീയ ഉപദേശക കൗണ്‍സില്‍ രൂപം നല്‍കിയ ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ്സുള്‍പ്പെടെ ചില മതേതര കക്ഷികള്‍ എതിര്‍ക്കുകയാണുണ്ടായത്. കലാപങ്ങളിലെ ഇരകളുടെ കണ്ണീരും കഷ്ടപ്പാടുമല്ല, ചില സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു അവര്‍ക്ക് മുഖ്യം.
ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച തെറ്റായ പ്രചാരണങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും രാജ്യത്തെ വര്‍ഗീയാസ്വാസ്ഥ്യങ്ങളില്‍ വലിയ പങ്കുണ്ട്. കടന്നു വന്നവര്‍, ദേശക്കൂറില്ലാത്തവര്‍, നിര്‍ബന്ധിച്ചു മതം മാറ്റുന്നവര്‍ തുടങ്ങി നിരവധി അബദ്ധ ധാരണകളാണ് മതന്യൂനപക്ഷങ്ങളെക്കുറിച്ചു ഇതര വിഭാഗങ്ങളില്‍ നല്ലൊരു പങ്കും വെച്ചു പുലര്‍ത്തുന്നത്. വര്‍ഗീയ ഫാസിസത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പാഠപുസ്തകങ്ങളിലും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ഇത്തരം പരാമര്‍ശങ്ങള്‍ കടന്നു വരാറുണ്ട്. പ്രതിഷേധമുയരുമ്പോള്‍ പിന്‍വലിക്കുന്ന അത്തരം “അബദ്ധങ്ങള്‍” താമസിയാതെ മറ്റു രൂപത്തില്‍ പിന്നെയും പ്രത്യക്ഷപ്പെടുന്നത് ഇത് യാദൃച്ഛികമല്ലെന്നു വ്യക്തമാക്കുന്നു. വര്‍ഗീയ കലാപങ്ങളെ നേരിടാന്‍ ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം രാജ്യത്തെ പൊതുമണ്ഡലത്തെ വരെ ബാധിച്ച ഇത്തരം ധാരണകള്‍ തിരുത്തുകയും ബ്യൂറോക്രസിയിലെ സവര്‍ണ ലോബിയുടെ കുത്സിത വര്‍ഗീയ പ്രചാരണ നീക്കങ്ങള്‍ക്ക് തടയിടുകയും ചെയ്യേണ്ടതുണ്ട്.