കൊച്ചി മെട്രോയില്‍ ചൂളംവിളി ഉയരാന്‍ ഇനി ആയിരം നാളുകള്‍

Posted on: September 10, 2013 6:00 am | Last updated: September 9, 2013 at 11:25 pm

kochi metroകൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ട്രെയിനിന്റെ ചുളംവിളിക്ക് കാതോര്‍ത്ത് ഇനി 1000 നാള്‍. സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ 2016ഓടെ യാഥാര്‍ത്യമാകുമെന്നാണ് പ്രതീക്ഷ. ജൂണ്‍ ഏഴിന് നിര്‍മാണോദ്ഘാടന വേളയില്‍ 1095 ദിവസങ്ങള്‍ക്കുള്ളില്‍ മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതിയുടെ മുഖ്യ ഉപദേശ്ടാവ് കൂടിയായ ഇ ശ്രീധരന്‍ പ്രഖ്യാപിച്ചത്. അന്ന് തൊട്ടാണ് കൊച്ചി മെട്രോക്ക് വേണ്ടിയുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
മെട്രോയുടെ നിര്‍മാണജോലി വിശ്രമമില്ലാതെ രാവും പകലുമായി നടക്കുകയാണ്. കലൂര്‍ സ്റ്റേഡിയം, ആലുവ-കളമശേരി, വൈറ്റില എന്നീ റീച്ചുകളിലെ പൈലിംഗ് പ്രവര്‍ത്തനങ്ങളാണ് ഇപ്പേള്‍ പുരോഗമിക്കുന്നത്. റോഡിനു നടുവില്‍ ഇരുഭാഗത്തും ബാരിക്കേഡുകള്‍ തീര്‍ത്താണ് ജോലികള്‍ നടക്കുന്നത്. പദ്ധതിക്കായി ഭൂമി കൈമാറ്റമടക്കമുള്ള ജോലികള്‍ ജില്ലാ ഭരണകൂടവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവരെ മൂന്ന് സ്റ്റേഷനുകള്‍ക്കുള്ള ഭൂമി ജില്ലാ ഭരണകൂടം കെ എം ആര്‍ എല്ലിനു കൈമാറിയിട്ടുണ്ട്. അതിനിടെ മെട്രോയുടെ മൂന്നാമത്തെ റീച്ചില്‍പ്പെട്ട കലൂര്‍ ബസ്സ്റ്റാന്‍ഡിന് മുന്നിലുള്ള സ്റ്റേഷന്റെ പൈലിംഗ് ജോലികള്‍ ഒരാഴ്ചക്കകം ആരംഭിക്കും. ഇതിനുള്ള പ്രാരംഭ ജോലികള്‍ പുരോഗമിക്കുകയാണ്. വൈദ്യുത പോസ്റ്റ് നീക്കം ചെയ്യുന്നതടക്കമുള്ള ജോലികള്‍ വേഗം തന്നെ പൂര്‍ത്തിയാക്കുമെന്ന് മൂന്നാമത്തെ റീച്ചിന്റെ നിര്‍മാണ കരാര്‍ എടുത്തിട്ടുള്ള സോമ കണ്‍സ്ട്രക്ഷന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
പൈലിംഗ് ജോലികള്‍ക്കായി റിഗ് അടക്കമുള്ള എല്ലാ യന്ത്രസംവിധാനങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ബാനര്‍ജി റോഡിലെ നിര്‍മാണം ഈ ആഴ്ചയില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷേ ഇവിടെ നിര്‍മാണം ആരംഭിക്കുന്ന കാര്യത്തില്‍ പോലീസ് അധികൃതരില്‍ നിന്നു ഇനിയും പച്ചക്കൊടി കിട്ടിയിട്ടില്ല. നിര്‍മാണം നടത്തുമ്പോള്‍ കൈക്കൊള്ളേണ്ട ഗതാഗതനിയന്ത്രണം സംബന്ധിച്ച കാര്യത്തില്‍ നേരത്തെ ഡി എം ആര്‍ സി മുന്നോട്ട്‌വച്ച നിര്‍ദേശം സ്വീകാര്യമല്ലെന്ന് പോലീസ് നിലപാടെടുത്തിരുന്നു. ബാനര്‍ജി റോഡിലെ നിര്‍മാണത്തിനായി കച്ചേരിപ്പടിയിലെ ആയുര്‍വദ ആശുപത്രിക്ക് സമീപം ഒരു മാസം മുമ്പേ യന്ത്രസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന നോര്‍ത്ത് മേല്‍പ്പാലത്തിലെ ലിസി ഭാഗത്തെ ഗര്‍ഡറുകള്‍ ഇന്നലെ അര്‍ധരാത്രിയോടെ പുനഃസ്ഥാപിച്ചു. നോര്‍ത്തിലെ മധ്യഭാഗത്തെ ലെയിന്‍ രണ്ട്, മൂന്ന് എന്നിവയില്‍ ലിസി ഭാഗത്തെ ഗര്‍ഡറുകളാണ് ഇന്നലെ സ്ഥാപിച്ചത്.
ഇതിനിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ കൊച്ചി ചാപ്റ്റര്‍ തയ്യാറാക്കുന്ന കൊച്ചി മെട്രോ റെയില്‍ സ്റ്റേഷനുകളുടെ പ്രാഥമിക ഡിസൈന്‍ അടുത്തമാസം കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ പദ്ധതി മറ്റൊരു വഴിത്തിരിവിലാകും.
അഞ്ച് ഡിസൈനുകളാണ് ആദ്യ ഘട്ടത്തില്‍ കൈമാറുക. ഇതിനു മുന്നോടിയായി കെ എം ആര്‍ എല്‍, ഡി എം ആര്‍ സി പ്രതിനിധികളുമായി ഈ മാസം അവസാനം ചര്‍ച്ച നടത്തും. മെട്രോ സ്റ്റേഷനുകളുടെ കേരളീയ പാരമ്പര്യവും വാസ്തുവിദ്യയും അനുസരിച്ചുള്ള രൂപകല്‍പ്പനയാണ് ഐ ഐ എ നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം അവസാനവാരം ഐ ഐ എ കൊച്ചി ചാപ്റ്റര്‍ യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

ALSO READ  അഞ്ച് മാസങ്ങള്‍ക്ക് ശേഷം കൊച്ചി മെട്രോ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും