ഫേസ്ബുക്ക് വഴി ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍

Posted on: September 10, 2013 6:00 am | Last updated: September 9, 2013 at 11:22 pm

കൊല്ലം: ഗള്‍ഫില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയ ആളെ പോലീസ് പിടികൂടി. കൊല്ലം ആശ്രാമം സുരഭിയില്‍ സിബി സുകുമാരനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായുള്ള കുടുംബവഴക്കിനെ തുടര്‍ന്നുള്ള പ്രതികാരമാണ് പ്രതിയെ ഇത്തരം കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിലെ പരാതിക്കാരിയുടെ അടുത്ത ബന്ധുവായ പ്രതി മുമ്പും ഇത്തരത്തില്‍ ഉപദ്രവിച്ചതിന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ 10 കേസുകള്‍ നിലവിലുണ്ട്. ഇവയില്‍ പലതും വിചാരണയില്‍ ഇരിക്കുന്നതാണ്. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊബൈലുകളിലേക്കും പ്രതി മൊബൈല്‍ ഫോണ്‍ വഴി അസഭ്യം വിളിക്കുകയും അശ്ലീല എസ് എം എസ്സുകള്‍ അയക്കുകയും ചെയ്തതായും വെളിവായിട്ടുണ്ട്. ഇത് സംബന്ധിച്ച് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആശ്രാമത്ത് നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് സി ഐ. എസ് ഷരീഫ്, കൊല്ലം ഈസ്റ്റ് എസ് ഐ. ജി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.