ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ ‘കെ ജി ബി’ എന്ന് വിളിക്കരുത്

Posted on: September 9, 2013 11:31 pm | Last updated: September 9, 2013 at 11:31 pm

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ കെ ജി ബാലകൃഷ്ണനെ ‘കെ ജി ബി’ എന്നു സംബോധന ചെയ്യരുതെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കുററാരോപിതനായ ജസ്റ്റീസ് കെ ജി ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം എല്‍ ശര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ കെ ജി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ കെ ജി ബി എന്നു വിളിക്കുന്നത് ജസ്റ്റീസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ ബഞ്ച് തടഞ്ഞത്. കെ ജി ബി എന്നു വിളിക്കാന്‍ മുന്‍ ചീഫ് ജസ്റ്റീസ് കമ്പനിയോ മറ്റ് ഏതെങ്കിലും സംഘടനയോ ആണോയെന്നു കോടതി ചോദിച്ചു.
ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്റെയും ബന്ധുക്കളുടെയും അവിഹിത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ശര്‍മയുടെ ഹര്‍ജി കോടതി നിരാകരിച്ചു. ശര്‍മയുടെ ഹര്‍ജിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. നിലവില്‍ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിക്കു മുന്നില്‍ വേറെ കേസുകള്‍ ഉള്ളതാണ്. ഇത്തരം ഹര്‍ജികള്‍ വീണ്ടും നല്‍കുന്നത് ഹര്‍ജിയുടെ എണ്ണം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂവെന്നു കോടതി പരാമര്‍ശിച്ചു.