ലോകത്തിലെ ഏറ്റവും വലിയ ഗാവ പാത്രവുമായി സ്വദേശി

Posted on: September 9, 2013 9:00 pm | Last updated: September 9, 2013 at 9:25 pm
SHARE

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഗാവ പാത്രവുമായി സ്വദേശി പൗരന്‍ ആദില്‍ സ്വഫാര്‍. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന വേട്ട പ്രദര്‍ശനത്തിലാണ് നാല് മീറ്റര്‍ നീളത്തിലുള്ള സ്വര്‍ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളാല്‍ നിര്‍മിക്കപ്പെട്ട ഗാവ പാത്രം പ്രദര്‍ശിപ്പിച്ചത്. അറബികളുടെ നിത്യജീവിതവുമായി അഗാധ ബന്ധമുള്ളതാണ് ഗാവ (പ്രത്യേകതരം കാപ്പി) യും അതിന്റെ പാത്രങ്ങളും. അതിനാല്‍ തന്നെ പ്രദര്‍ശന നഗരിയില്‍ ഗാവ പാത്രങ്ങളുടെ വിഭാഗത്തില്‍ സന്ദര്‍ശകരുടെ സാന്നിധ്യം ഏറെയാണ്.
രണ്ട് വര്‍ഷം മുമ്പാണ് ഇത്തരമൊരു പാത്രം നിര്‍മിക്കണമെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ശ്രമിക്കണമെന്നും പദ്ധതിയിട്ടിരുന്നതെന്ന് ആദില്‍ അല്‍ സ്വഫാര്‍ പറഞ്ഞു. സന്ദര്‍ശകരുടെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായ ഗാവ പാത്രത്തിനു പുറമെ വിവിധ തരത്തിലും വലിപ്പത്തിലുമുള്ള വേറെയും ഗാവ പാത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. 6,000 ദിര്‍ഹം മുതല്‍ 80,000 ദിര്‍ഹം വരെ വിലയുള്ള പാത്രങ്ങള്‍ തന്റെ സ്റ്റാളിലുണ്ടെന്ന് ആദില്‍ അല്‍ സ്വഫാര്‍ പറഞ്ഞു.