റോയ് നാസറിന് സൈക്കിള്‍ താരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Posted on: September 9, 2013 9:00 pm | Last updated: September 9, 2013 at 9:09 pm

ദുബൈ: മുന്‍ അറബ് ട്രയത്‌ലെറ്റ് ചാമ്പ്യന്‍ റോയ് നാസറിന് സൈക്കിള്‍ താരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ആറാം തിയ്യതി പുലര്‍ച്ചെ സഫ പാര്‍ക്കിന് സമീപം കാറിടിച്ചായിരുന്നു രാജ്യത്തെ കായിക പ്രേമികളെ ഞെട്ടിച്ച മരണം. 2011ല്‍ ബീജിംഗില്‍ നടന്ന വേള്‍ഡ് ട്രയത്‌ലെറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ലോകത്തിലെ മൂന്നാമത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സൈക്കിളുമായി വ്യായാമത്തിന് ഇറങ്ങിയ നാസറിനെ പിന്നില്‍ നിന്നും കാറിടിക്കുകയായിരുന്നുവെന്ന് ദുബൈ പോലീസ് വ്യക്തമാക്കിയിരുന്നു.
ദുബൈയിലെ ഖുദ്‌റ സൈക്കിളിംഗ് ട്രാക്കില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30നായിരുന്നു സൈക്കിള്‍ താരങ്ങള്‍ പ്രിയ കൂട്ടുകാരന് യാത്രാമൊഴിയായി ചടങ്ങ് സംഘടിപ്പിച്ചത്. പരേതനോടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു സൈക്കിള്‍ താരങ്ങള്‍ അനുശോചന ചടങ്ങിനെത്തിയത്. ദുബൈയിലെ മറ്റൊരു സൈക്കിളിംഗ് ഗ്രൂപ്പായ ദുബൈ ക്രീക്ക് സ്‌ട്രൈഡേഴ്‌സ് ട്വിറ്ററിലൂടെയായിരുന്നു അനുശോചനം രേഖപ്പെടുത്തിയത്.
13ന് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയായ ഫ്‌ളോറസന്റ് ഫ്രൈഡെ റോയി നാസറിനായാവും സമര്‍പ്പിക്കുകയെന്ന് സംഘടന വ്യക്തമാക്കി. ഇദ്ദേഹത്തിനൊപ്പം വ്യായാമത്തിന് ഇറങ്ങിയ മറ്റ് രണ്ട് സൈക്കിള്‍ സവാരിക്കാര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. റോയ് നാസറിന്റെ നിരന്തരമായുള്ള ശ്രമമായിരുന്നു ദുബൈയില്‍ സൈക്കിള്‍ പാതകള്‍ വ്യാപിപ്പിക്കാന്‍ അധികൃതര്‍ക്ക് പ്രചോദനമായത്. ട്രൈ ദുബൈ ക്ലബിന്റെ സ്ഥാപകനുമായിരുന്നു ഏവര്‍ക്കും പ്രിയങ്കരനായ നാസര്‍.