Connect with us

Gulf

മൊബൈല്‍ ഫോണുകള്‍ കവരുന്ന കമിതാക്കള്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: മൊബൈല്‍ ഫോണ്‍ ബിസിനസ് മേഖലയില്‍ നിക്ഷേപം നടത്തുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കച്ചവടക്കാരില്‍ നിന്ന് വന്‍ തോതില്‍ മൊബൈലുകള്‍ വാങ്ങി മുങ്ങുന്ന കമിതാക്കളെ ഷാര്‍ജ പോലീസ് പിടികൂടി.
പാക്കിസ്ഥാനികളാണ് പിടിയിലായ കമിതാക്കളെന്ന് പോലീസ് പറഞ്ഞു. താല്‍ക്കാലികമായി വാടകക്കെടുക്കുന്ന താമസ സ്ഥലം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വലിയ തോതില്‍ മൊബൈല്‍ ഫോണ്‍ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളെ ഫോണ്‍ സംസാരത്തിലൂടെ വശത്താക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
വില പറഞ്ഞുറപ്പിച്ച് വിവിധ തരം മൊബൈലുകള്‍ താമസ സ്ഥലത്തേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പിന്റെ ആദ്യപടി. മൊബൈലുകളുടെ ശേഖരവുമായി താമസ സ്ഥലത്തെത്തുന്നവരോട് അല്‍പം കാത്തിരിക്കാനും തങ്ങളുടെ പ്രതിനിധി ബാങ്കിലേക്ക് പണം എടുക്കാന്‍ പോയതാണെന്നും വിശ്വസിപ്പിച്ച് കച്ചവടക്കാരെ കബളിപ്പിക്കുകയാണ് രീതി. പണമെടുക്കാന്‍ പോയ ആള്‍ വൈകുമെന്ന് പറഞ്ഞ് അല്‍പം കഴിഞ്ഞ് വരാന്‍ പറയുകയും പിന്നീട് എത്തുമ്പോഴേക്ക് മറ്റൊരിടത്തേക്ക് മുങ്ങുകയുമാണ് പതിവ്.
ഷാര്‍ജയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചു. 1,53,485 ദിര്‍ഹം വിലവരുന്ന മൊബൈലുകള്‍ ഈ സംഘം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ച ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഒടുവില്‍ കമിതാക്കളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.