Connect with us

National

തലവരിപ്പണം നിയമവിരുദ്ധം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജുകളും സാങ്കേതിക കോളജുകളും തലവരിപ്പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് സുപ്രീം കോടതി. ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നിഷേധിക്കുന്ന അത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
എം ബി ബി എസ്സിനും പി ജി സീറ്റുകള്‍ക്കും കോടിക്കണക്കിന് രൂപയാണ് സ്വാശ്രയ കോളജുകള്‍ പലവിധേന വിദ്യാര്‍ഥികളില്‍ നിന്ന് പിരിക്കുന്നത്. അതേസമയം, മെറിറ്റ് ലിസ്റ്റിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നു. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദവും ചെലുത്തുന്നു. ഇത് വിദ്യാര്‍ഥി സമൂഹത്തിനോ മൊത്തം സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. സ്വകാര്യ കോളജുകളിലെ നിലവാരം വളരെ താഴ്ന്നിരിക്കുകയാണ്. വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിക്കുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ആത്മപരിശോധന നടത്തുകയും യോജിച്ച നിയമം കൊണ്ടുവരികയും വേണം. ടി എം എ പൈ ഫൗണ്ടേഷന്‍ കേസില്‍ തലവരിപ്പണം വാങ്ങുകയോ ലാഭം മാത്രം ലാക്കാക്കുകയോ ചെയ്യരുതെന്ന ഈ കോടതിയുടെ തന്നെ ഭരണഘടനാ വിധിക്ക് യാതൊരു വില കല്‍പ്പിക്കാതെ രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങളോട് കണ്ണടക്കാന്‍ കോടതിക്ക് സാധിക്കുകയില്ല. ഇത്തരം അധാര്‍മിക നടപടികള്‍ ഇല്ലാതാക്കാന്‍ കേന്ദ്രവും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും സി ബി ഐയും ഐ ബിയുമെല്ലാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം സ്വാശ്രയ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ ലാഭച്ചരക്കാക്കുന്ന ഇടങ്ങളായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Latest