Connect with us

National

നാല് വര്‍ഷത്തിനിടെ 1400 പെയ്ഡ് ന്യൂസ് സംഭവങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: നാല് വര്‍ഷത്തിനിടെ 17 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ 1400 പെയ്ഡ് ന്യൂസ് കേസുകള്‍ ഉണ്ടായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം കേസുകളുണ്ടായത്. 523 എണ്ണം. ഗുജറാത്തില്‍ 414ഉം ഹിമാചല്‍ പ്രദേശില്‍ 104ഉം കര്‍ണാടകയില്‍ 93ഉം സംഭവങ്ങളുണ്ടായി.
ഉത്തര്‍ പ്രദേശില്‍ 97ഉം ഉത്തരാഖണ്ഡില്‍ 30ഉം ഗോവയില്‍ ഒമ്പതും പെയ്ഡ് ന്യൂസ് സംഭവങ്ങള്‍ കണ്ടെത്തി. 2011ല്‍ തിരഞ്ഞെടുപ്പ് നടന്ന കേരളത്തില്‍ 65ഉം അസമില്‍ 27ഉം തമിഴ്‌നാട്ടില്‍ 22ഉം പശ്ചിമ ബംഗാളില്‍ എട്ടും പുതുച്ചേരിയില്‍ മൂന്നും ഇത്തരം കേസുകളുണ്ടായി. 2010ല്‍ ബീഹാറില്‍ 15 കേസുകളാണുണ്ടായത്. അസമൊഴിച്ച് മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു സംഭവവും കണ്ടെത്തിയിട്ടില്ല. 2010 മുതല്‍ ഈ വര്‍ഷത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് വരെ 1410 പെയ്ഡ് ന്യൂസ് കേസുകളാണുണ്ടായത്. പെയ്ഡ് ന്യൂസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി സ്ഥാനാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുക. പെയ്ഡ് ന്യൂസ് സംഭവങ്ങള്‍ പരിശോധിക്കാന്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ എന്ന പേരില്‍ പ്രത്യേക സംഘത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്.

Latest