സൈബര്‍ ആക്രമണം: സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകള്‍ക്ക് കൂടുതല്‍ സുരക്ഷ

Posted on: September 9, 2013 8:03 am | Last updated: September 9, 2013 at 8:03 am

kerala-secretariatതിരുവനന്തപുരം : സര്‍ക്കാര്‍ സൈറ്റുകള്‍ക്ക് നേരെ വിദേശ ഹാക്കര്‍മാരുടെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ ശക്തമാക്കുന്നു. സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകളില്‍ നിന്ന് ചില വിവരങ്ങള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ സുരക്ഷ. വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന സെറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
സര്‍ക്കാറിന്റെ നയവും സുരക്ഷാ മാനദണ്ഡവും അനുസരിച്ച് മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. ഐ ടി വകുപ്പ് തയ്യാറാക്കിയ സുരക്ഷാ പദ്ധതി അടുത്ത മന്ത്രിസഭാ യോഗം തന്നെ പരിഗണിക്കുമെന്നാണ് സൂചന. കെല്‍ട്രോണിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതിനുള്ള പ്രാരംഭ നടപടികള്‍ കെല്‍ട്രോണ്‍ ആരംഭിച്ചിട്ടുണ്ട്.
ഫയലുകള്‍ ഓണ്‍ലൈനാക്കാനുള്ള തീരുമാനം വരികയും ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് കമ്പ്യൂട്ടര്‍ ശൃംഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓരോ വകുപ്പിന്റെയും നെറ്റ്‌വര്‍ക്ക് വിപുലീകരിക്കും.
ഓരോ വകുപ്പിലേയും കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കേന്ദ്ര സെര്‍വറിനായിരിക്കും. ഫയലുകള്‍ പേപ്പറില്‍ നിന്ന് മാറ്റി ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലായതും പദ്ധതിക്ക് സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സുരക്ഷാ നടപടികളുടെ ഭാഗമായി ഫയലുകള്‍ പുറത്തുള്ള കമ്പ്യൂട്ടറുകളിലേക്ക് ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ണമായും ഒഴിവാക്കും.
സര്‍ക്കാറിന്റെ അനുമതിയുള്ള സൈറ്റുകളില്‍ മാത്രമേ സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകളില്‍ നിന്ന് പ്രവേശനം സാധ്യമാകൂ. സുരക്ഷാ പ്രശ്‌നങ്ങളുള്ള സൈറ്റുകള്‍ക്കു പുറമേ സര്‍ക്കാറിന്റെ നയം അനുസരിച്ച് നിരോധം ഏര്‍പ്പെടുത്തേണ്ട സൈറ്റുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കും.