ഹജ്ജ്: ക്യാന്‍സലേഷന്‍ 245 കടന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം

Posted on: September 9, 2013 7:56 am | Last updated: September 9, 2013 at 7:56 am

hajകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു അവസരം ലഭിച്ചവരില്‍ 200 പേര്‍ വിവിധ കാരണങ്ങളാല്‍ യാത്ര റദ്ദാക്കി.
എന്നാല്‍ ഇവര്‍ക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവക്ക് അവസരം ലഭിക്കില്ല. അതെ സമയം യാത്ര റദ്ദാക്കുന്നവരുടെ എണ്ണം 245 കടന്നാല്‍ തുടര്‍ന്നുള ഓരോ എണ്ണത്തിനും വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് ആളെ എടുക്കുന്നതാണ്.
ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സഊദി അറേബ്യ 20 ശതമാനം കുറച്ചതോടെ ഇത് സ്വകാര്യ ഗ്രൂപ്പില്‍ നിന്നാക്കുന്നതിനു കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
ഇതോടെ സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി അനുവദിച്ചിരുന്ന ക്വാട്ട 45,000ല്‍ നിന്ന് 11,000 ആയി ചുരുങ്ങി. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ക്വാട്ട കുറഞ്ഞതോടെ രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളില്‍ നിന്ന് ഒഴിവ് വരുന്ന സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നതിനും കേന്ദ്രം തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവു വന്ന 3600 സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കുകയുണ്ടായി. കേരളത്തിനു പലപ്പോഴായി അധികമായി ലഭിച്ച 245 സീറ്റുകളും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അവകാശപ്പെട്ടതിനാലാണ് ക്യാന്‍സലേഷന്‍ വരുന്ന ഇത്രയും സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത്. 245ല്‍ അധികം പേര്‍ യാത്ര റദ്ദാക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള എണ്ണത്തിനനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് അവസരം ലഭിക്കും.