Connect with us

Kerala

ഗതാഗത നിയമങ്ങള്‍ പൊളിച്ചെഴുതുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും സമഗ്രമായ പരിഷ്‌കരണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവിലുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം പോരായ്മകള്‍ പരിഹരിക്കാനാണ് തീരുമാനം. നിലവിലുള്ള ഗതാഗത നിയമത്തില്‍ ഒട്ടേറെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ഇത് പരിഹരിക്കാന്‍ മുന്‍കൈയെടുത്തിരുന്നില്ല. താനൂര്‍, പെരിന്തല്‍മണ്ണ അപകടങ്ങളുടെ പശ്ചാത്തലമാണ് അടിയന്തരമായി പരിഷ്‌കാരങ്ങള്‍ വേണമെന്ന തീരുമാനത്തിലേക്കെത്തിയത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മീഷനെ നിയോഗിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം.
പതിനൊന്നിന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ആവശ്യമെങ്കില്‍ നിയമ ഭേദഗതി കൊണ്ടുവരാനും അല്ലെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുമാണ് ആലോചന. സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകുമിത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടത്തില്‍ പറയാത്ത വിധമുള്ള സര്‍വീസുകള്‍ പോലും സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രാദേശികസമ്മര്‍ദവും രാഷ്ട്രീയ ഇടപെടലും മൂലം ഇതിനെതിരെ നടപടി സ്വീകരിക്കാറില്ല. നിലവിലുള്ള റോഡ് സൗകര്യത്തിന് അനുസൃതമായല്ല വാഹനങ്ങളുടെ വേഗം നിശ്ചയിച്ചിരിക്കുന്നത്. 2011ല്‍ മോട്ടോര്‍ വാഹന വകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ച് സിറ്റി സര്‍വീസിനും ഓര്‍ഡിനറി ബസുകള്‍ക്കും ഒരു കിലോമീറ്റര്‍ ദൂരം താണ്ടാന്‍ സിംഗിള്‍ ലൈനില്‍ മൂന്ന് മിനുട്ടാണ് നിശ്ചയിച്ചത്. രണ്ട് വരി പാതയില്‍ ഇത് 2.30 മിനുട്ടും നാല് വരിയില്‍ രണ്ട് മിനുട്ടുമാണ്. ഫാസ്റ്റ് പാസഞ്ചറിന് സിംഗിള്‍ ലൈനില്‍ രണ്ട് മിനുട്ടും ഡബിള്‍ ലൈനില്‍ 1.45 മിനുട്ടും ഫോര്‍ ലൈനില്‍ 1.30 മിനുട്ടുമാണ് ഒരു കിലോമീറ്റര്‍ യാത്രക്കുള്ള സമയക്രമം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്ക് നഗരത്തില്‍ രണ്ട് മിനുട്ടും ഒറ്റവരിയില്‍ 1.45 മിനുട്ടും രണ്ട് വരി പാതയില്‍ 1.30 മിനുട്ടും നാല് വരിയില്‍ 1.15 മിനുട്ടുമാണ്.
3.5 മീറ്റര്‍ വീതിയാണ് സിംഗിള്‍ ലൈന്‍ റോഡുകള്‍ക്ക് നിജപ്പെടുത്തിയിരിക്കുന്നത്. ഇരട്ടവരിക്ക് ഇത് ഏഴ് മീറ്ററും നാല് വരിക്ക് 14 മീറ്ററുമാണ്. സംസ്ഥാനത്തെ വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഈ സമയപരിധിക്കുള്ളില്‍ തന്നെ ഓടിയെത്തുക ദുഷ്‌കരമാണ്. റോഡ് തകര്‍ച്ചയും നഗരങ്ങളിലെ ഗതാഗതക്കുരുക്കും ആകുന്നതോടെ നിശ്ചയിച്ച സമയത്തിനുള്ളില്‍ സര്‍വീസ് നടത്താന്‍ ബസുകള്‍ അമിത വേഗത്തില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
റൂട്ടുകള്‍ അനുവദിക്കുന്നതിലെ അശാസ്ത്രീയതയാണ് മറ്റൊരു പ്രശ്‌നം. സ്വകാര്യ ബസുകളില്‍ നിലനില്‍ക്കുന്ന ബാറ്റ സമ്പ്രദായവും അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കൃത്യമായൊരു ശമ്പള നിരക്കില്ല. കലക്ഷന്‍ കണക്കാക്കി ബാറ്റ നല്‍കുന്നതാണ് രീതി. കൂടുതല്‍ കലക്ഷന് വേണ്ടി ജീവനക്കാര്‍ മത്സര ഓട്ടം നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്. കെ എസ് ആര്‍ ടി സിയെ ശത്രുതാ മനോഭാവത്തോടെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമീപിക്കാറുള്ളത്. ഇതും അപകടങ്ങള്‍ക്ക് വഴിതുറക്കുന്നു.
കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത് 1,900 പേരാണ്. ജനുവരി മുതല്‍ മേയ് വരെയുണ്ടായ 15,717 വാഹനാപകടങ്ങളില്‍ 15,109 എണ്ണവും അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും വാഹനങ്ങളുടെ മോശം അവസ്ഥയും മൂലമാണെന്ന് പോലീസിന്റെ കണക്കുകള്‍ പറയുന്നു. ഈ അപകടങ്ങളില്‍ 17,100 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവയില്‍ 3,668 അപകടങ്ങളുണ്ടാക്കിയത് ബസുകളും ലോറികളുമാണ്.
സ്പീഡ് റഡാറും ക്യാമറയും അത്യാധുനിക വാഹനങ്ങളും ഏറെയുണ്ടായിട്ടും ഇവ ശാസ്ത്രീയമായി വിനിയോഗിച്ച് അമിതവേഗക്കാരെ കണ്ടെത്താന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കഴിഞ്ഞിട്ടില്ല. വാഹന പരിശോധനയുടെ പേരില്‍ ഹെല്‍മറ്റ് വേട്ടയും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പിരിവും പരിശോധനയും മാത്രമാക്കി മാറ്റുകയായിരുന്നു. ഹൈവേ പട്രോളിംഗ് സംഘത്തിന്റെ നിലപാടും അപകടങ്ങള്‍ കുറക്കുന്നതിന് തടസ്സമായി. ഡ്രൈവര്‍മാരില്‍ ചിലര്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബസുകളുടെ അമിതവേഗത്തിന് പലപ്പോഴും ബലിയാടാകേണ്ടി വന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്.

Latest