ഒബാമ, അങ്ങെന്താണ് ഇങ്ങനെ?

Posted on: September 9, 2013 7:27 am | Last updated: September 9, 2013 at 7:29 am

bamaI   was elected to  end  wars ; not start them
-Barack Obama
(ഞാന്‍ തിരഞ്ഞടുക്കപ്പെട്ടത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാനാണ്; തുടങ്ങാനല്ല.)

ഓര്‍മകളുണ്ടായിരിക്കുകയെന്നതാണ് സാമ്രാജ്യത്വത്തിനെതിരായ ഏറ്റവും ശക്തമായ ആയുധം. ഇന്ന് സിറിയയെ പാഠം പഠിപ്പിക്കാന്‍ കവലച്ചട്ടമ്പിയുടെ വാക്കും വീറുമായി നടക്കുന്ന ബരാക് ഒബാമ ഒന്നാമൂഴത്തിനായി ഉഴറി നടക്കുന്ന കാലം ലോകം മറന്നിട്ടില്ല. അന്ന് ഊണിലും ഉറക്കത്തിലും അദ്ദേഹം മാറ്റത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഇത്രയും കാലം കണ്ട അമേരിക്കയല്ല, ഇനി കാണാനിരിക്കുന്നതെന്ന് മനോഹരമായി സമര്‍ഥിച്ചു. നല്ല പ്രസംഗപാടവമുള്ളത് കൊണ്ട് സംവാദ മഹാമഹങ്ങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റും പേമാരിയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്തൊക്കെയായിരുന്നു പ്രസംഗത്തില്‍ നിറഞ്ഞ് തുളുമ്പിയത്? ഇറാഖില്‍ ഇടപെട്ടത് തെറ്റായിപ്പോയി. അഫ്ഗാന്റെ വിധി അവിടുത്തെ ജനതക്ക് വിട്ടു കൊടുക്കണം. ഗ്വാണ്ടനാമോ അടച്ചു പൂട്ടണം. ഫലസ്തീനിന് സ്വതന്ത്ര രാഷ്ട്രമാകാനുള്ള അവകാശമുണ്ട്. അധികാരം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് അമേരിക്ക ലോകത്തെ കീഴടക്കേണ്ടത്. ഇസ്‌റാഈല്‍ നയത്തില്‍ മാറ്റം വേണം. രാജ്യത്തെ വന്‍കിടക്കാര്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക നയം മാറണം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള കരുതലാണ് വേണ്ടത്. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിന്ന് രക്ഷിക്കുകയെന്നതാണ് ഭീകരവാദത്തെ ചെറുക്കാനുള്ള യഥാര്‍ഥ വഴി. ഡ്രോണ്‍ ആക്രമണങ്ങള്‍ വേണ്ടേ വേണ്ട.
‘ലോകം രോമഹര്‍ഷം കൊണ്ടു പോയി’ ക്ലീഷേ ആയിപ്പോയ പ്രയോഗമാണെങ്കിലും ഇതല്ലാതെ മറ്റൊന്ന് അക്കാലത്തെക്കുറിച്ച് പറയാനാകില്ല. പ്രസംഗത്തിന് കൊഴുപ്പ് കൂട്ടാനുള്ള  സ്‌പെഷ്യല്‍ ഇഫക്ടുകള്‍ മാത്രമായിരുന്നു ഇവയെല്ലാമെന്ന് വിധിയെഴുതാന്‍ പ്രസിഡന്റ്പദത്തിലെ ഒന്നാമൂഴം വരെ ലോകം കാത്തിരുന്നു. അതിനിടക്ക് നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചു. അതും സമാധാനത്തിന്. ആദ്യത്തെ ആഫ്രോ -അമേരിക്കന്‍ പ്രസിഡന്റെന്ന് വാഴ്ത്തി. അക്രമോത്സുകമായ അമേരിക്ക അസ്തമിച്ചുവെന്ന് ചിലര്‍ വിധിച്ചുകളഞ്ഞു. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ഏറ്റവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുക വഴി രാഷ്ട്രതന്ത്രത്തിലെ ഒരു പാഠപുസ്തകമായി ഒബാമ മാറാന്‍ പോകുന്നുവെന്ന് വാഴ്ത്തുപാട്ടുകാര്‍ നീട്ടിപ്പാടി.
ഒന്നാമൂഴത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ വ്യക്തമായി. ഒബാമ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് മാത്രമാണെന്ന്. അദ്ദേഹം തുടര്‍ച്ച മാത്രമാണ്. സീനിയര്‍ ബുഷിന്റെയും ജൂനിയര്‍ ബുഷിന്റെയും തുടര്‍ച്ച. അമേരിക്കന്‍ പൗരന്‍മാരില്‍ വളര്‍ന്നു വരുന്ന പുതിയ അവബോധങ്ങളെ ഭരണത്തിലേറാന്‍ വേണ്ടി തൊട്ടുണര്‍ത്തിയിട്ട് ഭരണം പിടിച്ചപ്പോള്‍ ഈ അവബോധങ്ങളെ കുഴിച്ചുമൂടാന്‍ അധികാരം ഉപയോഗിക്കുന്ന വെറും അനുകരണക്കാരനായി അദ്ദേഹം അധഃപതിച്ചു. അമേരിക്കന്‍ പൗരന്‍മാര്‍ പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവരാണെന്ന ബോധം ഊട്ടിയുറപ്പിക്കുമ്പോള്‍ തന്നെ ഭരണകൂടം വരച്ച വരയില്‍ നിന്ന് മാറാനാകാത്ത തടവുകാരാണ് അവരെന്ന സന്ദേശം അദ്ദേഹം പ്രസരിപ്പിച്ചു. സ്വന്തം പൗരന്‍മാരെ ഒളിഞ്ഞു നോക്കുന്ന അവിശ്വാസിയായി ഭരണകൂടം മാറി. അമേരിക്ക അപകടത്തില്‍ എന്ന മുദ്രാവാക്യത്തിലേക്ക് അദ്ദേഹവും കൂപ്പുകുത്തി. അന്താരാഷ്ട്രതലത്തില്‍ യു എസ് ചാരസംഘടനയും ആയുധ നിര്‍മാണ ഭീമന്‍മാരും പടച്ചു വിട്ട ‘വിവരങ്ങള്‍’ ലോകത്തിന്റെ ഏത് കോണില്‍ നിന്നും അമേരിക്കക്കെതിരെ ആക്രമണമുണ്ടായേക്കാമെന്ന ഭീതി സൃഷ്ടിക്കുന്നതില്‍ പതിവു പോലെ വിജയിച്ചു. വല്ലാത്ത അരക്ഷിതാവസ്ഥയാണ് അമേരിക്കക്കാരില്‍ ഇത് സൃഷ്ടിച്ചത്. ആഭ്യന്തരമായി ഉയര്‍ന്നുവന്ന സാമ്പത്തിക അരക്ഷിതാവസ്ഥ വേറെയും. മാറ്റത്തിന്റെ അപ്പോസ്തലന്‍ നിജസ്ഥിതിയുടെ ഉപാസകനായി മാറുന്നതിന് ഉപയോഗിച്ച ന്യായീകരണം ഈ അരക്ഷിതാവസ്ഥയായിരുന്നു. തീര്‍ത്തും ദുര്‍ബലനായി പൊതുബോധങ്ങള്‍ക്ക് കീഴടങ്ങുന്ന ഒബാമയെയാണ് ഒന്നാമൂഴത്തിന്റെ അവസാനത്തില്‍ കണ്ടത്.
തനിക്ക് ജയിച്ചു വരാന്‍ സാമ്പത്തിക, മാധ്യമ പിന്തുണ നല്‍കിയ എല്ലാ ലോബികളോടും കടം വീട്ടുന്ന ഒബാമയെയാണ് പിന്നെ കണ്ടത്. അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുമെന്ന വാഗ്ദാനം പാലിക്കാനായില്ല. ഗ്വാണ്ടനാമോ ജയില്‍ ഇന്നും ലോകത്തെ ഏറ്റവും വലിയ പീഡനകേന്ദ്രമായി തുടരുന്നു. ഇന്നത്തെ ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ സദ്ദാം ഹുസൈന്റെത് സുവര്‍ണ കാലമായിരുന്നുവെന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. ലോകത്താകെ സി ഐ എ നടത്തുന്ന കുത്തിത്തിരിപ്പുകള്‍ക്ക് മൗന സമ്മതം നല്‍കുന്ന ഒപ്പിടല്‍ യന്ത്രമായി ഒബാമ മാറി.
സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിക്കൊടുക്കുന്ന പട്ടികയില്‍ നോക്കി ആളെക്കൊല്ലുന്ന പരിപാടി ശക്തമായത് ഒബാമയുടെ ഒന്നാമൂഴത്തിന്റെ ഒടുവിലാണ്. ഉസാമ ബിന്‍ ലാദന്റെ വധമാണ് അതില്‍ ഏറ്റവും പ്രധാനം. കുറ്റപത്രമില്ല, വിചാരണയില്ല, രാഷ്ട്രീയ അതിര്‍ത്തി പ്രശ്‌നമില്ല, പ്രത്യാക്രമണ ഭീഷണിയില്ല. അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ കേന്ദ്രത്തില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന പൈലറ്റില്ലാ വിമാനങ്ങള്‍ നിര്‍ണയിക്കപ്പെട്ട ലക്ഷ്യത്തിന് പിറകേ സഞ്ചരിക്കുന്നു. (മരണം വിധിക്കപ്പെട്ടവന് പേര് പോലുമില്ല, അവന്‍ വെറും ടാര്‍ഗറ്റ് ആണ്). കിറുകൃത്യമായി കൃത്യം നിര്‍വഹിക്കുന്നു. സാങ്കേതികമായ കൊലപാതകം. അതിനിടക്ക് എത്ര നിരപരാധികള്‍ വേണമെങ്കിലും കൊല്ലപ്പെടാം. അതൊക്കെ വെറും ‘കൊളാറ്ററല്‍ ഡാമേജ്.’
സാമ്പത്തിക നേതൃ സ്ഥാനം നഷ്ടപ്പെടുന്ന അമേരിക്കയുടെ തലവനാണ് ഇന്ന് ബരാക് ഒബാമ. രക്ഷാ പാക്കേജ് പിന്‍വലിച്ചും പ്രചാരണ മാനേജര്‍മാരുടെ വാര്‍ത്താ വ്യാപനം വഴി ചില മുട്ടുശാന്തികളൊക്കെ നടത്തിയും ഡോളറിനെ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നില പരുങ്ങലില്‍ തന്നെയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെല്ലാം അപ്പടി നിലനില്‍ക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആഘോഷിക്കപ്പെട്ട ആരോഗ്യരക്ഷാ പാക്കേജ് നടപ്പാക്കാന്‍ സാധിക്കുന്നില്ല. ഈ ആഭ്യന്തര സമ്മര്‍ദങ്ങള്‍ തന്നെയാണ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ അടിസ്ഥാന ഹേതു. ബാഹ്യ ഇടപെടലിലൂടെ അധീശത്വ പ്രഖ്യാപനം നടത്തി ആഭ്യന്തര പ്രതിസന്ധികളെ മറച്ചുപിടിക്കുകയെന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലുടനീളം കാണുന്ന തന്ത്രമാണ്.
സിറിയയില്‍ രാസായുധ പ്രയോഗം നടന്നതിന് ശേഷം ഒബാമ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങള്‍ നോക്കൂ: ‘സിറിയയെ ശിക്ഷിക്കാനുള്ള  അധികാരവും ഉത്തരവാദിത്വവും അമേരിക്കക്കുണ്ട്. രാസായുധ പ്രയോഗത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങള്‍ കൊണ്ടുവന്നത് ഞാനല്ല. അന്താരാഷ്ട്ര സമൂഹമാണ്. സിറിയയെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ എന്റെ വിലയല്ല ഇടിയുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെതാണ്. ആര് പിന്തുണച്ചില്ലെങ്കിലും അമേരിക്ക അതിന്റെ തീരുമാനവുമായി മുന്നോട്ട് പോകും. ഉത്തരവാദിത്വം നിര്‍വഹിക്കാത്ത യു എന്‍ രക്ഷാ സമിതിയെ കാത്തിരിക്കാന്‍ അമേരിക്കക്കാകില്ല. രാസായുധം പ്രയോഗിച്ചതിനുള്ള തെളിവ് യു എന്‍ അന്വേഷണ സംഘം കണ്ടെത്തേണ്ടതില്ല. ഞങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ട്’. എന്തൊരു ധാര്‍ഷ്ട്യം ! എത്ര അക്രമോത്സുകം !!
ബരാക് ഒബാമ ഇങ്ങനെ സംസാരിക്കുന്നത് പഴയ ശീതസമരത്തിന്റെ ആശയസമുദ്രം അദ്ദേഹത്തിന്റെ ഉള്ളില്‍ ഇരമ്പുന്നതു കൊണ്ടാണ്. റഷ്യയും ചൈനയും സാമ്പത്തിക രംഗത്ത് കൈവരിച്ച സ്ഥിരത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ട്. രാഷ്ട്രീയ മേഖലയില്‍ കൂടി അവര്‍ കടന്നുകയറുന്നുവെന്ന് അമേരിക്ക വിലയിരുത്തുന്നു. അമേരിക്കയുടെ ഏഷ്യന്‍ സുഹൃത്തായ പാക്കിസ്ഥാനില്‍ ചൈന പിടിമുറുക്കിക്കഴിഞ്ഞു. മേഖലയിലെ എല്ലാ പ്രശ്‌നങ്ങളിലും ഒരു വശത്ത് ചൈനയുണ്ട്. ഏറ്റവും ഒടുവില്‍ എഡ്വേര്‍ഡ് സ്‌നോഡന് അഭയം കൊടുത്തതിലും ചൈനയുണ്ടായിരുന്നു. യു എസിന്റെ തീട്ടൂരങ്ങളെ തൃണവത്ഗണിച്ച്  റഷ്യ താത്കാലിക അഭയം നല്‍കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇറാനിലും ചൈനക്ക് നല്ല സ്വാധീനമുണ്ട്. ഇവയെല്ലാം ഒരു ബദല്‍ ചേരി രൂപപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങളായി അമേരിക്ക കാണുന്നു.
ലോബീയിംഗിന്റെ സ്വന്തം നാടാണ് അമേരിക്ക. ആയുധ ലോബി, ജൂത ലോബി, സ്വവര്‍ഗരതി ലോബി. ലോബികള്‍ പലവിധം. പ്രസിഡന്റ് നേരിട്ട് ലോബിപ്പണിക്കിറങ്ങുന്ന ദയനീയമായ കാഴ്ചയാണ് വൈറ്റ്ഹൗസില്‍ ഇപ്പോള്‍ കാണുന്നത്. സിറിയന്‍ പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമ്പോള്‍ പാസ്സായിക്കിട്ടണം. റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയില്ലാതെ അത് നടക്കില്ല. സ്വന്തം ചേരി തന്നെ പൂര്‍ണമായി ഒബാമക്കൊപ്പം നില്‍ക്കില്ലെന്നാണ് സര്‍വേകള്‍ കാണിക്കുന്നത്. പ്രസിഡന്റ് നേരിട്ട് ഓരോ അംഗത്തെയും വിളിച്ച് ബോധ്യപ്പെടുത്തുകയാണ്. സിറിയ ഇറാഖല്ല, അഫ്ഗാനുമല്ലെന്നാണ് ഒടുവില്‍ അദ്ദേഹം പറഞ്ഞത്. അമേരിക്ക കുരുടന്‍മാരെപ്പോലെ കഴിയണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് വിമര്‍ശകരോട് പ്രസിഡന്റ് ചോദിക്കുന്നു.
ജി 20 ഉച്ചകോടിയില്‍ ഒബാമയും കെറിയും ശരിക്കും വിയര്‍ത്തു. വന്‍കിട, വ്യവസായ രാജ്യങ്ങളുടെ കൂട്ടായ്മയാണല്ലോ ജി 20. അവിടെ സാമ്പത്തിക ചര്‍ച്ചയാണ് സാധാരണ നടക്കാറുള്ളത്. പക്ഷേ ഇത്തവണ ചര്‍ച്ചകളെ സിറിയ അപഹരിച്ചു. ഓരോ നേതാവിനെയും കണ്ട് തന്റെ ഭാഗം ന്യായീകരിക്കാന്‍ ഒബാമയും സംഘവും ശ്രമിച്ചിട്ടും പുതുതായി ആരെയും കിട്ടിയില്ലെന്ന് മാത്രമല്ല, ഫ്രാന്‍സ് അപ്പുറത്തേക്ക് മാറുകയും ചെയ്തു. ആക്രമണ പ്രമേയം പാര്‍ലിമെന്റില്‍ തോറ്റു തൊപ്പിയിട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍  വിറച്ചിരിക്കുന്നു. മറുചേരി ശക്തമാകുകയാണ്. ആക്രമിച്ചാല്‍ സിറിയയെ സഹായിക്കുമെന്ന് റഷ്യ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയുടെ മന്‍മോഹന്‍ സിംഗ് വരെ എല്ലുറപ്പ് പുറത്തെടുത്തെങ്കില്‍ അതിനര്‍ഥം സാമ്രാജ്യത്വത്തിന്റെ പ്രഹര ശേഷിക്ക് എന്തോ കുഴപ്പം പിണഞ്ഞിട്ടുണ്ടെന്നാണ്. ജി 20ലെ തിരിച്ചടി വരാനിരിക്കുന്ന വാട്ടര്‍ലൂവിന്റെ സൂചനയായി ഒബാമ മനസ്സിലാക്കിയാല്‍ വലിയ ദുരന്തങ്ങളില്‍ നിന്ന് ലോകം രക്ഷപ്പെടും. അതല്ല, യു എന്‍ സംഘത്തില്‍ നിന്ന് ഒരു തെളിവ് സംഘടിപ്പിച്ച് സിറിയക്കെതിരെ നീങ്ങാന്‍ തന്നെയാണ് ഭാവമെങ്കില്‍ ബരാക് ഒബാമയുടെ പേര് യുദ്ധവെറി കൊണ്ട് ചരിത്രമെഴുതിയവരുടെ ശ്രേണിയില്‍ എഴുതപ്പെടും.

[email protected]