Connect with us

Editorial

ഈ കൊള്ള നിര്‍ത്തിക്കാന്‍

Published

|

Last Updated

പ്രവാസത്തിന്റെ ഊഷര ഭൂമിയില്‍ നിന്ന് എണ്ണിപ്പിടിച്ചെടുത്ത ഏതാനും ദിനങ്ങള്‍ നാട്ടില്‍ ഉറ്റവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പുറപ്പെടുന്നവരെയും ലീവ് കഴിഞ്ഞ് തിരിച്ചുപോകുന്നവരെയും വിമാനക്കമ്പനികള്‍ പിഴിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗള്‍ഫ് സെക്ടറില്‍ യാത്ര ചെയ്യുന്നവരോട് വിമാനക്കമ്പനികള്‍ പുലര്‍ത്തുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന അമിത യാത്രാക്കൂലി. തുച്ഛമായ വേതനത്തില്‍ നിന്ന് ടിക്കറ്റ് തുക മിച്ചം പിടിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ കൊതിക്കുമ്പോഴാണ് ഈ പിടിച്ചുപറി. ഈ സമയത്ത് ഗള്‍ഫിലേക്ക് പോകാനുറച്ചവരുടെ കാര്യമാണ് ഏറെ കഷ്ടം. പെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ അടുത്തതും ഗള്‍ഫില്‍ അവധിക്കാലം തീരാറായതുമാണ് വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തായത്. നിതാഖാത്തിനെ തുടര്‍ന്ന് കുത്തൊഴുക്കുണ്ടായപ്പോള്‍ യാത്രാക്കൂലി കൂട്ടിയ വിമാനക്കമ്പികള്‍ ഏതെങ്കിലും കാലത്ത് യാത്രക്കാരോട് ദാക്ഷിണ്യം കാണിക്കുമെന്ന് കരുതുക വയ്യ. ഇരട്ടിയും അതിലധികവും ഈടാക്കിയാണ്, ഉടുമുണ്ടില്‍ നാട്ടിലെത്തിയ യാത്രക്കാരോട് വിമാനക്കമ്പികള്‍ക്ക് അന്ന് “പ്രതിബദ്ധത” പുലര്‍ത്തിയത്. ആവശ്യക്കാരേറുമ്പോള്‍ ടിക്കറ്റിന് അടിക്കടി ചാര്‍ജ് കൂട്ടുന്നതാണ് അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രീതി. കേരളത്തില്‍ നിന്ന് ഗള്‍ഫിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇപ്പോള്‍ ചുരുങ്ങിയത് 50,000 രൂപയെങ്കിലും വേണം. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് വിമാനക്കമ്പകള്‍ ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
ഈദുല്‍ ഫിത്വ്ര്‍ കഴിഞ്ഞതു മുതല്‍ ഗള്‍ഫ് സെക്ടറില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 25 മുതല്‍ ഈ മാസം പകുതി വരെയുള്ള സമയങ്ങളിലാണ് കുടുംബങ്ങളേറെയും ഗള്‍ഫിലേക്ക് മടങ്ങിപ്പോകുന്നത്. ഇത് പരമാവധി ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികള്‍. കഴിഞ്ഞ മാസം 31ന് കോഴിക്കോട്ട് നിന്ന് ബഹ്‌റൈനിലേക്ക് ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കിയത് 34,507 രൂപയെങ്കില്‍ ഇന്നത് 45,000 രൂപയിലാണ് എത്തിനില്‍ക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് ഈടാക്കുന്നത് 45,000 രൂപക്ക് മുകളിലാണ്. കോഴിക്കോട്- ദുബൈ ടിക്കറ്റിന് ഇത്തിഹാദ് ഈടാക്കുന്ന തുക 52,000 കടക്കും. റയാദിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. നേരത്തെ 15,000 രൂപയില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന  റിയാദ് ടിക്കറ്റിന് എയര്‍ ഇന്ത്യയില്‍ 30,000 രൂപവരെ നിരത്തിയാണ് പലരും യാത്രയുറപ്പിച്ചത്. മുംബെ വഴിയുള്ള യാത്രക്കും ചെലവേറുകയാണ്. ഇത് വഴിക്കുള്ള സര്‍വീസിന് ഏറ്റവും കുറഞ്ഞ നിരക്ക് 83,938 രൂപയാണെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.
വിമാന ടിക്കറ്റിന്മേലുള്ള നിയന്ത്രണത്തില്‍ ഡയറക്ടര്‍  ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അയവ് വരുത്തിയതോടെയാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന അനുഭവപ്പെട്ടുതുടങ്ങിയത്. ഇതോടെ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികള്‍ക്ക് തോന്നും പോലെ ചാര്‍ജ് ഈടാക്കാമെന്നായി. അമിത ടിക്കറ്റ് ചാര്‍ജ് അടിച്ചേല്‍പ്പിക്കാന്‍ അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നിയമവും വിമാനക്കമ്പനികള്‍ മറയാക്കുന്നു. നിരക്ക് കുറഞ്ഞ സീസണിലെ “നഷ്ടം”, ഇന്ധന വില വര്‍ധന,യൂസര്‍ ഫീ തുടങ്ങിയ തൊടുന്യായങ്ങള്‍ പറഞ്ഞാണ് വിമാനക്കമ്പനികള്‍ കൊള്ള നടത്തുന്നത്. ഇങ്ങനെ ചാര്‍ജ് ഈടാക്കുമ്പോഴും യാത്ര മുടക്കുക, ഫ്‌ളൈറ്റ് റദ്ദാക്കിയാല്‍ സൗകര്യം നല്‍കാതെ ബുദ്ധിമുട്ടിക്കുക തുടങ്ങിയ ക്രൂരതകള്‍ തുടരുന്നുമുണ്ട്.
വിമാനക്കമ്പനികള്‍ അടിക്കടി യാത്രാക്കൂലി കൂട്ടിയിട്ടും ചില പത്ര കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രസ്താവനകളൊഴിച്ചാല്‍ ആരുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതിഷേധസ്വരങ്ങളോ നടപടികളോ കാണുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ, ഭൂരിപക്ഷത്തിനും വോട്ടവകാശമില്ലാത്ത പ്രവാസികളുടെ കാര്യത്തില്‍ ചെറു വിരലനക്കാന്‍ പോലും തയ്യാറാകുന്നില്ല. മാധ്യമങ്ങളും മുഖ്യധാരാ പത്രങ്ങളും ഈ യാത്രാ പ്രശ്‌നമുള്‍പ്പെടെ പ്രവാസികളനുഭവിക്കുന്ന ദുരിതങ്ങള്‍ ക്യാമ്പയിനായി ഏറ്റെടുക്കാന്‍ തയ്യാറുമല്ല. വിമാനയാത്രാക്കൂലി വര്‍ധന ഏറെയും ബാധിക്കുന്നത് പ്രവാസികള്‍ക്കാണെന്നതിനാല്‍ വിമാനക്കമ്പനികള്‍ക്ക് അടിയന്തരമായി മൂക്കുകയറിട്ടേ മതിയാകൂ. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വഴി വിട്ട ചര്‍ച്ചകള്‍ മാറ്റിവെച്ച് ഈ കഴുത്തറുക്കലിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകണം. ഗള്‍ഫ് മേഖലയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്  അനുഗുണമായി സമ്മര്‍ദം ശക്തമാക്കാന്‍ ജനപ്രതിനിധികള്‍ ഇച്ഛാശക്തി കാണിക്കണം. വല്ലപ്പോഴും പിറന്ന നാടും നടന്ന വഴികളും ഉടപ്പിറപ്പുകളെയും കാണാന്‍ നാട്ടിലെത്തുന്നവരുടെ വഴി മുടക്കാതിരിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ഈ കൊള്ളക്ക് അടിയന്തരമായി കടിഞ്ഞാണിടേണ്ടതുണ്ട്.

Latest