കേരളത്തില്‍ ഐ ടി മേഖലയില്‍ 500 കോടി നിക്ഷേപിക്കും എം എ യൂസുഫലി

Posted on: September 8, 2013 1:54 pm | Last updated: September 8, 2013 at 1:54 pm

ദുബൈ: കേരളത്തില്‍ ഐ ടി മേഖലയില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി. ലുലുവില്‍ ഓണാഘോഷങ്ങളുടെ ഒരുക്കം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി ആസ്ഥാനമായാണ് ഐ ടി വ്യവസായങ്ങള്‍ ആരംഭിക്കുക. ഇതിന്റെ സാധ്യതാ പഠനങ്ങല്‍ നടന്നിട്ടുണ്ട്. ആറ് മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭമല്ലിത്. പുതിയ കമ്പനി രൂപവത്കരിക്കുകയാണ്.
ഗള്‍ഫ് മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്തണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ല. കൊച്ചി മാളിനെ ചുറ്റിപ്പറ്റി ഒരു രാഷ്ട്രീയ കക്ഷിയുടെ ജില്ലാ കമ്മിറ്റി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കണക്കിലെടുക്കുന്നില്ല. ബി ജെ പി നേതാവ് സുരേന്ദ്രന്റെ ആക്ഷേപത്തോടും പ്രതികരിക്കുന്നില്ല. വിവാദമുണ്ടാക്കി പ്രശസ്തി നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം മനസിലാക്കി അവര്‍ തന്നെ അതില്‍ നിന്ന് പിന്തിരിയും. വികസന കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും യോജിച്ച നിലപാട് സ്വീകരിക്കണം. ഗള്‍ഫില്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ 63 മുതല്‍ 67 വരെ ശതമാനം കേരളീയരായത് എന്തുകൊണ്ടാണെന്ന് മനസിലാക്കണം. കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തതാണ് കാരണം. ഭാര്യയെയും മക്കളെയും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ഇഷ്ടമുള്ളതു കൊണ്ടല്ല, പ്രവാസികളാകുന്നത്. ഇതിനൊക്കെ പരിഹാരം വേണം. നിക്ഷേപം വളരണം. തൃശൂരിന്റെ പരിസരങ്ങളില്‍ നിരവധി ഫാക്ടറികളുണ്ടായിരുന്നു. അവ പൂട്ടിപ്പോയി. ഇതേകുറിച്ച് മാധ്യമങ്ങള്‍ ബോധവത്കരണം നടത്തണമെന്നും യൂസുഫലി പറഞ്ഞു.