Connect with us

Gulf

ആധാര്‍: പ്രവാസികളില്‍ ആശങ്ക

Published

|

Last Updated

ദുബൈ: കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ സാധ്യമാകാത്തതില്‍ പ്രവാസികള്‍ക്ക് ആശങ്ക. റേഷന്‍, പാചക വാതകം, തുടങ്ങിയവയുടെ സബ്‌സിഡിക്കും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഡിസംബര് ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയിരിക്കെ കാര്‍ഡ് എങ്ങിനെ തരപ്പെടുത്താനാവും എന്ന തത്രപ്പാടിലാണ് പ്രവാസി കുടുംബങ്ങള്‍.
നവംബര്‍ 30 നു ശേഷം ആധാര്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകില്ലെന്ന അറിയിപ്പ് കാര്‍ഡ് ഇതുവരെ ല”ിക്കാത്ത പ്രവാസികളെ തികച്ചും ആശങ്കയിലാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുകളിലും മറ്റു സര്‍ക്കാര്‍ രേഖകളിലും ഗൃഹനാഥന്‍ പ്രവസിയാണെങ്കില്‍ നാട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യം നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണ് വന്നു ചേരുന്നത്. പാചകവാതക കണക്ഷന്‍ ഗള്‍ഫിലുള്ള കുടുംബനാഥന്റെ പേരിലാണെങ്കില്‍ സബ്‌സിഡി കിട്ടാന്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ ആധാര്‍കാര്‍ഡ് വേണം. ഇതു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ നാട്ടില്‍പോവുക തന്നെവേണം. അതിനുസാധിക്കാത്തവര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ഇന്ത്യന്‍ പൗരത്വമുള്ള എല്ലാവര്‍ക്കും പ്രായ ഭേദമന്യേ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവാണ് നിലവിലിറങ്ങിയിട്ടുള്ളത്.അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്. ഇതിനായി ഇപ്പോള്‍ നാട്ടില്‍ മാസങ്ങള്‍ നീളുന്ന കാത്തിരിപ്പാണ്. നേരത്തെ അക്ഷയയില്‍ പോയി ടോക്കണ്‍ വാങ്ങിയാല്‍ ആഴ്ചകള്‍ കഴിഞ്ഞാണ് രജിസ്‌ട്രേഷനുള്ള തീയതി ലഭിക്കുക. വിരലയടയാളവും നേത്രപടവും മറ്റും വ്യക്തി വിവരങ്ങളും ശേഖരിക്കാനായി അപേക്ഷകന്‍ നേരിട്ട് ഹാജരാകണം. അതുകൊണ്ട്തന്നെ നാട്ടിലുള്ള പ്രവാസികള്‍ക്കുപോലും പെട്ടെന്ന് ആധാറിന് അപേക്ഷിക്കാനാവുന്നില്ല. ചുരുങ്ങിയ ദിവസത്തെ അവധിക്കുപോകുന്നവര്‍ ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ നെട്ടോട്ടമോടുകയാണ്. ആധാര്‍ കാര്‍ഡ് ലഭിക്കാനായി പ്രവാസി ഇന്ത്യക്കാര്‍ക്ക് നിലവില്‍ പ്രത്യേക നിബന്ധനകളോ മാനദണ്ഡങ്ങളോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല.
രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കിയാല്‍ തന്നെ സാങ്കേതിക തകരാറുകള്‍ പറഞ്ഞ് നാട്ടിലുള്ളവര്‍ തന്നെ നിരവധി തവണ അക്ഷയ കേന്ദ്രങ്ങള്‍ കയറിയിറങ്ങണ്ടേ അവസ്ഥയുമുണ്ട്. അപേക്ഷ നല്‍കികഴിഞ്ഞാല്‍ രണ്ടുമാസത്തിനകം തപാല്‍ വഴി ആധാര്‍ കാര്‍ഡ് അയച്ചുതരുമെന്നാണ് അറിയിപ്പെങ്കിലും പലര്‍ക്കും ഏറെ വൈകിയാണ് ലഭിക്കുന്നത്. ഇവയുടെ തല്‍സ്ഥിതി ഓണ്‍ലൈന്‍ വഴി അറിയാന്‍ സൗകര്യമുണ്ട്.
പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ കോണ്‍സുലേറ്റുകള്‍ കേന്ദ്രീകരിച്ചു അക്ഷയ മോഡല്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് വിവിധ പ്രവാസി സംഘടനകള്‍ ഇതിന് പരിഹാരമായി നിര്‍ദേശിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര-സംസ്ഥാന പ്രവാസി വകുപ്പുകള്‍ക്ക് നിവേദനം നല്‍കിക്കഴിഞ്ഞു.
ആധാര്‍ കാര്‍ഡിനുള്ള സമയ പരിധി പ്രവാസികള്‍ക്ക് നീട്ടി നല്‍കണമെന്നും സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഉറപ്പു വരുത്തണമെന്നും യോഗം ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട് , അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് , എം മുഹമ്മദ് അലി, പത്മനാഭന്‍ നമ്പ്യാര്‍ , മുഹമ്മദ് ബഷീര്‍ , എ കെ സുരേന്ദ്രന്‍, യാസിര്‍ ഹമീദ് , സതീഷ് കുമാര്‍, സുബൈര്‍ വെള്ളിയോട്, സജിത്ത് സംസാരിച്ചു.

---- facebook comment plugin here -----

Latest