Connect with us

Malappuram

ആറ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് മഞ്ചേരിയില്‍

Published

|

Last Updated

മഞ്ചേരി: നാടിനെ നടുക്കിയ പെരിന്തല്‍മണ്ണ തേലക്കാട് ബസ് അപകടത്തില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ മഞ്ചേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ എല്ലാ മൃതദേഹങ്ങളും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി  പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് അധികൃതര്‍ അറ് മൃതദേഹങ്ങള്‍ മഞ്ചേരിയിലെത്തിച്ചത്.  തേലക്കാട് മേല്‍ക്കുളങ്ങര പൊന്നേത്ത് സലീമിന്റെ ഭാര്യ ഫാത്വിമ (40), മേല്‍ക്കുളങ്ങര മാങ്കടക്കുഴിയന്‍ പരേതനായ ഹംസയുടെ ഭാര്യ മറിയം (53), മേല്‍ക്കുളങ്ങര കാവണ്ണയില്‍ കുഞ്ചരയുടെ മകന്‍ ചെറിയക്കന്‍ (55), തേലക്കാട് പച്ചീരി നാരായണന്റെ മകള്‍ നീതു (18), തേലക്കാട് ആകരികില്‍ അബ്ദുല്‍ ലത്തീഫിന്റെ മകള്‍ സഫീല (19), കാപ്പ് മേല്‍ക്കുളങ്ങര കളത്തില്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഫാത്വിമ നാദിയ (17) എന്നിവരുടെ മൃതദേഹങ്ങളാണ് മഞ്ചേരിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കൊളത്തൂര്‍ എസ് ഐ  ഇ വേലായുധന്‍, പെരിന്തല്‍മണ്ണ അഡീഷണല്‍ എസ് ഐ  കെ രാമചന്ദ്രന്‍, ഗ്രേഡ് എസ് ഐ  മുരളീധരന്‍ തുടങ്ങിയവരാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. മഞ്ചേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ എം സുകുമാരന്‍, ഡോ. കെ എ റഊഫ്, ഡോ. വിജയന്‍, ഡോ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.  മഞ്ചേരി സി ഐ വി എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അരീക്കോട്, വണ്ടൂര്‍, മഞ്ചേരി, പോത്തുകല്ല് എസ് ഐമാര്‍ മൃതദേഹങ്ങള്‍ക്ക് അകമ്പടി സേവിച്ചു.
ഏറനാട് തഹസീല്‍ദാര്‍  ജി. രാജു, ഡപ്യൂട്ടി തഹസീല്‍ദാര്‍ കെ. വി. ഗീതക്ക് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും അഡ്വ. എം ഉമ്മര്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു.  മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി മഞ്ചേരിയിലെ വിവിധ ആശുപത്രികളില്‍ നിന്ന് സംഘടിപ്പിച്ച നാല് ഫ്രീസറുകള്‍ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടു പോയി.  പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുളിപ്പിച്ച ശേഷമാണ് ആംബുലന്‍സുകളില്‍ കൊണ്ടുപോയത്.

 

ഓര്‍ക്കാനാകാത്ത നിമിഷങ്ങള്‍..
മലപ്പുറം: ജുമുഅ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഹംസ (30) അപകടം കാണുന്നത്. ഈ സമയം ബസ് ഓവുപാലത്തിന് താഴേക്ക് മറിഞ്ഞ് കിടക്കുകയായിരുന്നു.
ലോറി ഡ്രൈവറും അടുത്ത വീട്ടിലെ ഏതാനും സ്ത്രീകളും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.  റോഡരികിലെ വലിയ മാവില്‍ തട്ടി നില്‍ക്കുകയായിരുന്നു ബസ്. മുന്‍വശം തകര്‍ന്ന് ചിന്നിച്ചിതറിയിരുന്നു.  ബസിലുണ്ടായിരുന്ന പുരുഷന്‍മാരെ പിന്‍ വശത്ത് കൂടെ പുറത്തെടുക്കാനായി. എന്നാല്‍ മുന്‍ഭാഗത്തുണ്ടായിരുന്ന സ്ത്രീകളെ എടുക്കാന്‍ കഴിഞ്ഞില്ല. കയറിട്ട് വലിച്ചും മഴുകൊണ്ട് വെട്ടിക്കീറിയുമെല്ലാം ഓരോരുത്തരെയായി പുറത്തെടുക്കുകയും അപ്പോള്‍ തന്നെ അതുവഴി വന്നവാഹനങ്ങളില്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞാണ് കാപ്പില്‍ നിന്ന് ജെ സി ബി എത്തിയത്. ഇതിന് ശേഷമാണ് ബസ് മറിച്ചിട്ട് ബോണറ്റിനിടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെ പുറത്തെടുക്കാനായത്. കണ്ടക്ടര്‍ അബോധാവസ്ഥയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മേലാറ്റൂര്‍ പോലീസെത്തിയതെന്നും ഹംസ പറയുന്നു. തൊട്ടടുത്ത വീട്ടിലെ നസീമ, റിഷു ഫാത്വിമ എന്നിവര്‍ വലിയ ശബ്ദം കേട്ടാണ് റോഡിലേക്ക് പാഞ്ഞത്. കണ്ണുകളെ വിശ്വസിക്കാനായില്ല അവര്‍ക്ക്. എന്നും വീടിന് മുന്നിലൂടെ പോകുന്ന ബസ് മറിഞ്ഞ് കിടക്കുന്നു. പെണ്‍കുട്ടികളുടെ കൂട്ടക്കരച്ചിലും അവര്‍ കേട്ടു. രക്തമൊലിക്കുന്ന ശരീരവുമായി പലരും പുറത്ത് വരികയും ഇരിക്കുകയും ചെയ്തു.
ഒരാള്‍ റോഡില്‍ കിടന്ന് നിലവിളിക്കാന്‍ തുടങ്ങി. ബസിനകത്ത് കുടുങ്ങിയത് പെണ്‍കുട്ടികളായിരുന്നു. ഒന്നിന് മുകളില്‍ ഒന്നായിട്ടായിരുന്നു കുട്ടികളുണ്ടായിരുന്നത്. പിന്നീട് നാട്ടുകാരെത്തി രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടികളെ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് എല്ലാവരെയും ബസില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അവര്‍ പറഞ്ഞു.

Latest