Connect with us

Sports

ഒരു 'സുഖ'മില്ലാത്ത കളി

Published

|

Last Updated

ന്യൂഡല്‍ഹി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിമര്‍ശിക്കപ്പെടുന്നു. 270 മിനുട്ട് കളിച്ച ഇന്ത്യ ആകെ നേടിയത് മൂന്ന് ഗോളുകള്‍. വഴങ്ങിയതും മൂന്ന് ഗോളുകള്‍. കളിക്കാരാകട്ടെ ടീം സെമിയിലെത്തുമ്പോഴേക്കും ഏറെ ക്ഷീണിതരുമായി. ഈ ടീം എത്ര ദൂരം ? -ഇതാണ് ചോദ്യം. ഡച്ച് കോച്ച് വിം കോവര്‍മാന്‍സിന്റെ അഭിപ്രായത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ പത്ത് ഗോളെങ്കിലും നേടേണ്ടതായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യകരം അവസരങ്ങളെല്ലാം കളിക്കാര്‍ തുലച്ചു. ഒടുവില്‍ സുനില്‍ ഛേത്രി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഇന്ത്യ സമനിലയോടെ രക്ഷപ്പെടുകയായിരുന്നു. നേപ്പാളിനെതിരെ അതിദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. പാക്കിസ്ഥാനെതിരെ നേടിയ വിജയമാണ് കണക്കുകളുടെ കളിയില്‍ ഇന്ത്യക്ക് സെമി ബെര്‍ത് സമ്മാനിച്ചത്.
ദയനീയ പ്രകടനത്തിന് കളിക്കാരുടെ കായിക ക്ഷമതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒട്ടും വേഗമില്ലാത്ത നീക്കങ്ങള്‍, പരസ്പര ധാരണയില്ലാത്ത പാസിംഗുകള്‍, ആത്മവിശ്വാസമില്ലാത്തവരെ പോലെയാണ് വിം കോവര്‍മാന്‍സിന്റെ ടീം പന്ത് തട്ടുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഐ ലീഗ് ക്ലബ്ബ് സീസണ്‍ മെയ് പന്ത്രണ്ടിന് അവസാനിച്ചതിന് ശേഷം ദീര്‍ഘമായൊരു ഇടവേളയാണ് കളിക്കാര്‍ക്ക് ലഭിക്കുന്നത്. മറ്റൊരു രാജ്യത്തെ ലീഗ് സീസണുകള്‍ക്കിടയില്‍ ഇത്ര ദൈര്‍ഘ്യമില്ല. കളിക്കാര്‍ വിശ്രമ ജീവിതം ആസ്വദിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുടെ ദേശീയ ടീം ആകെ കളിച്ചത് ഒരേയൊരു രാജ്യാന്തര മത്സരമാണ്. ആഗസ്റ്റ് പതിനാലിന് താജിക്കിസ്ഥാനെതിരെ. ഇതെല്ലാം വീഴ്ചയായി കണക്കാക്കപ്പെടുന്നു.
വിദേശ കോച്ച് ഇന്ത്യന്‍ താരങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയും ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടത്രെ. ഐ ലീഗ് ചാമ്പ്യന്‍മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ കോച്ച് സുഭാഷ് ഭൗമിക്കിന്റെ അഭിപ്രായത്തില്‍ ടീം കോമ്പിനേഷന്‍ ശരിയല്ല.
ലെഫ്റ്റ് ബാക്കില്‍ സൗമിക് ദെ കളിക്കാത്തതും പ്രതിഭാധനനായ മിഡ്ഫീല്‍ഡര്‍ ലാല്‍ റിന്‍ഡിക റാല്‍ട്ടെക്ക് അവസരം ലഭിക്കാത്തതും ഭൗമിക്കിനെ അത്ഭുതപ്പെടുത്തുന്നു. അതുപോലെ സഈദ് റഹീം നബിയും ജെജെയും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ആദ്യ ലൈനപ്പില്‍ കളിക്കേണ്ടവരാണ്. റഹീം നബി എ ഐ എഫ് എഫ് പ്ലെയര്‍ ഓഫ് ദ ഇയറാണ്. ജെജെ സുനില്‍ ഛേത്രിക്കൊപ്പം പരിചയ സമ്പത്തുള്ള സ്‌ട്രൈക്കറും. എന്നാല്‍, ബിനീഷ് ബാലനും റോബിന്‍ സിംഗും പരിഗണിക്കപ്പെടാതെ പോകുന്നതില്‍ ഭൗമിക്കിന് അതിശയം. റഹീം നബി നേപ്പാളിനെതിരെ തൊണ്ണൂറ് മിനുട്ടും കളിച്ചു. പക്ഷേ അവസാന മിനുട്ടില്‍ നിര്‍ണായക ഗോള്‍ നേടിയത് റോബിന്‍ സിംഗും.
ഐ ലീഗിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സാല്‍ഗോക്കറിന്റെ ഡെറിക് പെരേരയുടെ അഭിപ്രായത്തില്‍ സാഫ് കപ്പില്‍ ഇന്ത്യ പരമദയനീയമാണ്. ലീഗ് ഇടവേളക്ക് പുറമെ ഐ എം ജി റിലയന്‍സ് ക്യാമ്പ് മുംബൈയില്‍ നടക്കുന്നതിനാല്‍ കളിക്കാര്‍ക്ക് പ്രീ സീസണ്‍ പരിശീലനം ലഭിച്ചിട്ടില്ല. ഇതൊക്കെ പ്രകടനത്തില്‍ കാണാനുണ്ടെന്ന് പെരേര പറയുന്നു.
പ്രീ സീസണ്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത സുബ്രത പാല്‍, ഗൗരമാംഗി സിംഗ്, റഹീം നബി, നിര്‍മല്‍ ഛേത്രി എന്നിവര്‍ വിം കോവര്‍മാന്‍സിന്റെ ആദ്യ ലൈനപ്പില്‍ ഇടം നേടിയത് സെലക്ഷന്‍ പാളിച്ചയാണെന്നും പെരേര ചൂണ്ടിക്കാട്ടുന്നു. വിരമിച്ച ക്ലൈമാക്‌സ് ലോറന്‍സിനും പരുക്കേറ്റ ക്ലിഫോര്‍ഡ് മിറാന്‍ഡക്കും പകരം നില്‍ക്കാന്‍ പോന്ന മിഡ്ഫീല്‍ഡര്‍മാരെ ഇന്ത്യക്കിനിയും ലഭിച്ചിട്ടില്ല. ലെനി റോഡ്രിഗസ് ചെറുപ്പമാണ്. അല്പം കൂടി സമയം വേണം. പക്ഷേ, അയാളുടെ പിഴവുകള്‍ ഭീകരമാണ്.വിമര്‍ശകരുടെ കൂരമ്പുകള്‍ക്ക് വിം കോവര്‍മാന്‍സ് നേരത്തെ തന്നെ പ്രതിരോധ മരുന്നിട്ടിരുന്നു. ഐ പി എല്‍ മാതൃകയിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ദേശീയ ടീമിനെ ബാധിക്കുമെന്ന് കോവര്‍മാന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലീഗിന് ശേഷം പ്രീ സീസണ്‍ പരിശീലനം കളിക്കാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഐഎംജി-റിലയന്‍സ് കരാര്‍ ലഭിച്ച താരങ്ങള്‍ മുംബൈയിലെ ക്യാമ്പിലാണ്. കാര്യമായ ഒരുക്കങ്ങളില്ലാതെയാണ് ദേശീയ ടീം സാഫ് കപ്പിന് എത്തിയതെന്ന് ചുരുക്കം.